മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ജീവൻ മരണ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബോൾ ചെയ്യും. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസ് ഹൃത്വിക് ഷോക്കീന് പകരം കുമാർ കാർത്തികേയയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സണ്‍റൈസേഴ്‌സ് അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, അബ്‌ദുൾ സമദ്, കാർത്തിക് ത്യാഗി എന്നിവർക്ക് പകരം മായങ്ക് അഗർവാൾ, വിവ്രാന്ത് ശർമ, സൻവീർ സിങ്, ഉമ്രാൻ മാലിക് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
പ്ലേഓഫിൽ ഇടം നേടുന്നതിനായി രോഹിത്തിനും സംഘത്തിനും ഇന്നത്തെ മത്സരത്തിലെ ജയം ഏറെ അനിവാര്യമാണ്. 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുള്ള മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരത്തിൽ വൻ വിജയം നേടേണ്ടതുണ്ട്. ജയിച്ചാൽ പോലും ബാംഗ്ലൂർ- ഗുജറാത്ത് മത്സരത്തെ അടിസ്ഥാനമാക്കിയാകും മുംബൈയുടെ ഭാവി. അതേസമയം സണ്‍റൈസേഴ്‌സിനെതിരെ തോൽവിയാണ് ഫലമെങ്കിൽ മുംബൈ സീസണിൽ നിന്ന് പുറത്താകും.
മറുവശത്ത് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നിലവിൽ പോയിന്‍റ് പട്ടികയിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റുമായി അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. അതിനാൽ തന്നെ ഇന്ന് വിജയിച്ച് അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് ഒഴിവാക്കാനാകും ടീമിന്‍റെ ശ്രമം.
പ്രതീക്ഷ സൂര്യകുമാറിൽ: നിർണായകമായ കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനോടേറ്റ തോൽവിയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വിലങ്ങു തടിയായത്. നിലവിൽ സൂര്യകുമാർ യാദവിന്‍റെ ബലത്തിലാണ് മുംബൈ മുന്നേറുന്നത്. സൂര്യകുമാർ വീണാൽ ടീമും വീണെന്ന നിലയിലാണ് ഇപ്പോഴത്തെ മുംബൈയുടെ അവസ്ഥ. സ്വന്തം തട്ടകമായ വാങ്കഡെയിൽ മത്സരം നടക്കുന്നതിനാൽ തന്നെ സൂര്യകുമാറിനെ വീഴ്‌ത്താൻ ഹൈദരാബാദ് ബോളർമാർ നന്നേ വിയർക്കേണ്ടി വരും.