മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്‌കോറുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 200 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണർമാരായ വിവ്രാന്ദ് ശർമയുടെയും, മായങ്ക് അഗർവാളിന്‍റെയും 140 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടിന്‍റെ മികവിലാണ് സണ്‍റൈസേഴ്‌സ് മികച്ച സ്‌കോർ കണ്ടെത്തിയത്.
ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സിനായി അരങ്ങേറ്റക്കാരനായ വിവ്രാന്ദും മായങ്ക് അഗർവാളും ചേർന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് സമ്മാനിച്ചത്. പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇരുവരും ചേർന്ന് പിന്നീട് പതിയെ കത്തിക്കയറുകയായിരുന്നു. ഇരുവരുടെയും ബാറ്റിങ് മികവിൽ പവർപ്ലേ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്‌ടം കൂടാതെ 53 റണ്‍സ് എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്‌സ്.
നിർണായക കൂട്ടുകെട്ട്: ഇതിനിടെ വിവ്രാന്ദ് ശർമ തന്‍റെ കന്നി ഐപിഎൽ അർധ സെഞ്ച്വറിയും സ്വന്തമാക്കി. 36 പന്തിൽ നിന്നാണ് താരം അർധ സെഞ്ച്വറി നേടിയത്. പിന്നാലെ 10-ാം ഓവറിലെ അവസാന പന്തിൽ തകർപ്പനൊരു ഫോറിലൂടെ മായങ്ക് അഗർവാൾ ടീം സ്‌കോർ 100 കടത്തി. തുടർന്ന് 12-ാം ഓവറിൽ ജേസൺ ബെഹ്‌റൻഡോർഫിനെ തുടർച്ചയായി സിക്‌സിനും ഫോറിനും പറത്തി വെറും 33 പന്തുകളിൽ നിന്ന് മായങ്ക് അഗർവാളും അർധ സെഞ്ച്വറി പൂർത്തിയാക്കി.
അർധ സെഞ്ച്വറി പിന്നിട്ടതോടെ ഇരുവരും കൂടുതൽ ആക്രമിച്ച് കളിക്കാൻ തുടങ്ങി. ഈ ഓപ്പണിങ് കൂട്ടുകെട്ടിനെ പൊളിക്കാനുള്ള മുംബൈയുടെ കഠിന പരിശ്രമം ഒടുവിൽ ഫലം കണ്ടത് 13-ാം ഓവറിലെ അവസാന പന്തിലായിരുന്നു. ടീം സ്‌കോർ 140ൽ നിൽക്കെ തകർപ്പൻ ഫോമിൽ കളിക്കുകയായിരുന്ന വിവ്രാന്ദ് ശർമയെ പുറത്താക്കി ആകാശ് മധ്വാളാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 47 പന്തിൽ രണ്ട് സിക്‌സും ഒൻപത് ഫോറും ഉൾപ്പെടെ 69 റണ്‍സ് നേടിയാണ് വിവ്രാന്ദ് പുറത്തായത്.