മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. മുംബൈയിൽ പരിക്കേറ്റ് പുറത്തായ ജോഫ്ര ആർച്ചർക്ക് പകരം ക്രിസ് ജോർദാൻ ഇടം നേടിയപ്പോൾ ബാംഗ്ലൂർ നിരയിൽ കരൺ ശർമക്ക് പകരം വൈശാഖ് വിജയ് കുമാർ സ്ഥാനം പിടിച്ചു.
പ്ലേ ഓഫിലേക്ക് മുന്നേറാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ വാങ്കഡെയിൽ ഇന്ന് തീപാറും പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പോയിന്‍റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്താണ് ബാംഗ്ലൂർ. എട്ടാം സ്ഥാനത്താണ് മുംബൈ. ഇരുടീമുകൾക്കും 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റ് വീതമാണുള്ളത്. ഇന്ന് ജയിക്കുന്ന ടീമിന് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും.
ഈ സീസണിൽ പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ മുംബൈക്ക് ഇതുവരെ സാധിച്ചിട്ടില്ല. നായകൻ രോഹിത് ശർമയുടെ മോശം ഫോമാണ് ടീമിന്‍റെ ഏറ്റവും വലിയ തലവേദന. അവസാന രണ്ട് മത്സരങ്ങളിൽ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തിരിച്ച് മടങ്ങാനായിരുന്നു താരത്തിന്‍റെ വിധി. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്.
അതിനാൽ തന്നെ ഇന്ന് രോഹിത്തിന്‍റെ തിരിച്ച് വരവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഇഷാൻ കിഷൻ, ക്രിസ് ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ് എന്നിവർ മികച്ച ഫോമിലുണ്ട് എന്നതാണ് മുംബൈയുടെ ഏക ആശ്വാസം. അതേസമയം കൂനിൻമേൽ കുരു എന്ന പോലെ ടീമിന്‍റെ സ്റ്റാർ പേസർ ജോഫ്ര ആർച്ചർ നാട്ടിലേക്ക് മടങ്ങിയതും ടീമിന് തിരിച്ചടിയായിട്ടുണ്ട്.
പരിക്കും മോശം ഫോമുമാണ് താരത്തിന് തിരിച്ചടിയായത്. ആർച്ചർക്ക് പകരം ടീമിലെടുത്ത ക്രിസ് ജോർദാൻ ഇന്ന് മുംബൈക്കായി അരങ്ങേറ്റം കുറിക്കും. അതേസമയം മറ്റ് പേസ് ബോളർമാക്കൊന്നും തന്നെ ടീമിനായി കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. സ്‌പിന്നർമാരിൽ പിയൂഷ് ചൗള മാത്രമാണ് മുംബൈക്കായി മികച്ച രീതിയിൽ പന്തെറിയുന്നത്.