മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിലെ വാശിയേറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് 13 റൺസിൻ്റെ ജയം. പഞ്ചാബിൻ്റെ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസേ നേടാനായുള്ളു. അവസാന ഓവറിൽ രണ്ട് വിക്കറ്റ് ഉൾപ്പെടെ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത അർഷ്ദീപ് സിങാണ് മുംബൈയിൽ നിന്ന് വിജയം പിടിച്ചെടുത്തത്.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഇഷാന്‍ കിഷനെ (4 പന്തില്‍ 1) നഷ്‌ടമായി. അര്‍ഷ്‌ദീപ് സിങ്ങിനെ സിക്‌സറിന് പറത്താനുള്ള ഇഷാന്‍റെ ശ്രമം മാത്യു ഷോർട്ടിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലൊന്നിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് മുംബൈയെ പവര്‍പ്ലേ പൂര്‍ത്തിയാവമ്പോള്‍ ഒരു വിക്കറ്റിന് 54 റണ്‍സ് എന്ന നിലയിലേക്ക് എത്തിച്ചു.
മികച്ച നിലയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് രോഹിത്തിനെ മടക്കി ലിയാം ലിവിങ്‌സ്റ്റണാണ് പൊളിച്ചത്. 27 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 44 റണ്‍സ് നേടിയ രോഹിത്തിനെ ലിവിങ്‌സ്റ്റണ്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഈ സമയം 9.3 ഓവറില്‍ 84 റണ്‍സായിരുന്നും മുംബൈക്ക് നേടാന്‍ കഴിഞ്ഞത്.
രണ്ടാം വിക്കറ്റില്‍ 76 റണ്‍സാണ് രോഹിത്തും ഗ്രീനും ചേര്‍ന്ന് നേടിയത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് തുടക്കം മുതല്‍ ആക്രമിച്ചതോടെ 12-ാം ഓവറില്‍ തന്നെ മുംബൈ 100 കടന്നു. സൂര്യയെത്തിയതോടെ അല്‍പ്പം പതിഞ്ഞ് കളിച്ച ഗ്രീന്‍ 15-ാം ഓവറിന്‍റെ നാലാം പന്തില്‍ രാഹുല്‍ ചഹാറിനെ സിക്‌സറിന് പറത്തിക്കൊണ്ട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 38 പന്തുകളില്‍ നിന്നാണ് താരം സീസണിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി നേടിയത്.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഗ്രീനിനെ മടക്കിയ നഥാന്‍ എല്ലിസ് പഞ്ചാബിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. 43 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്‌സും സഹിതം 67 റണ്‍സ് അടിച്ചാണ് ഗ്രീന്‍ മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ സൂര്യയ്‌ക്ക് ഒപ്പം 75 റണ്‍സാണ് താരം മുംബൈ ടോട്ടലില്‍ ചേര്‍ത്തത്. ഗ്രീൻ പുറത്തായതിന് ശേഷവും സൂര്യകുമാർ യാദവ് തകർത്തടിച്ചുകൊണ്ടിരുന്നു.
ഇതിനിടെ സൂര്യകുമാർ തൻ്റെ അർധസെഞ്ച്വറിയും പൂർത്തിയാക്കി. 23 പന്തിൽ നിന്നാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. സൂര്യകുമാർ ഫോമിലായതോടെ മുംബൈ വിജയം ഉറപ്പിച്ചു. എന്നാൽ 17.4 ഓവറിൽ ടീം സ്കോർ 182ൽ നിൽക്കെ സൂര്യകുമാർ യാദവിനെ മുംബൈക്ക് നഷ്ടമായി. അർഷദീപ് സിങിൻ്റെ പന്തിൽ പുറത്താകുമ്പോൾ 26 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.
കളി തിരിച്ച ഡെത്ത് ഓവർ: തുടർന്ന് ക്രീസിലെത്തിയ ടിം ഡേവിഡും ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചുകൊണ്ടിരുന്നു. ഇതോടെ അവസാന ഓവറിൽ മുംബൈയുടെ വിജയലക്ഷ്യം 16 റൺസായി മാറി. എന്നാൽ അവസാന ഓവർ എറിയാനെത്തിയ അർഷദീപ് തൻ്റെ മൂന്നാം പന്തിൽ തന്നെ തിലക് വർമയുടെ (3) മിഡിൽ സ്റ്റംപ് ഒടിച്ചു.
തൊട്ടടുത്ത പന്തിൽ തന്നെ നെഹാൽ വദ്രയേയും പുറത്താക്കി അർഷദീപ് പഞ്ചാബിൻ്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ടിം ഡേവിഡ് 25 റൺസുമായും ജോഫ്ര ആർച്ചർ ഒരു റൺസുമായും പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഥൻ എല്ലിസ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റും നേടി.
തല്ലിപ്പൊളിച്ച് ഹർപ്രീതും സാം കറനും:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സ് അടിച്ച് കൂട്ടിയത്. ക്യാപ്റ്റന്‍ സാം കറനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. 29 പന്തില്‍ അഞ്ച് ഫോറുകളും നാല് സിക്‌സും സഹിതം 55 റണ്‍സാണ് താരം നേടിയത്. 28 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സുകളുമായി 41 റണ്‍സെടുത്ത ഹർപ്രീത് സിങ് ഭാട്ടിയ കറന് മികച്ച പിന്തുണ നല്‍കി.
ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 58 റണ്‍സായിരുന്നു ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പഞ്ചാബിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍ മാത്യു ഷോർട്ടിന്‍റെ (10 പന്തില്‍ 11) വിക്കറ്റായിരുന്നു സംഘത്തിന് ആദ്യം നഷ്‌ടമായത്. പവര്‍പ്ലേയുടെ തൊട്ടടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ പ്രഭ്‌സിമ്രാൻ സിങ്ങും തിരിച്ച് കയറി. 17 പന്തില്‍ 26 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച അഥർവ ടൈഡെും ലിയാം ലിവിങ്‌സ്‌റ്റണും ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെ 10-ാം ഓവറില്‍ പഞ്ചാബിന് ഇരട്ട പ്രഹരം ലഭിച്ചു. പിയൂഷ് ചൗള എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്തില്‍ ലിവിങ്‌സ്‌റ്റണിനെ (12 പന്തില്‍ 10) ഇഷാന്‍ കിഷന്‍ സ്‌റ്റംപ് ചെയ്‌തു തിരിച്ച് കയറ്റി. നാല് പന്തുകള്‍ക്കപ്പുറം അഥർവയെ (17 പന്തില്‍ 29) കുറ്റി തെറിപ്പിച്ചും ചൗള മടക്കി അയച്ചു. ഈ സമയം 83 റണ്‍സാണ് പഞ്ചാബ് ടോട്ടലിലുണ്ടായിരുന്നത്.
അടി... അടിയോടടി:പിന്നീട് ഒന്നിച്ച ഹർപ്രീത് സിങ് ഭാട്ടിയയും ക്യാപ്റ്റന്‍ സാം കറനും ചേര്‍ന്നാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. തുടക്കം ശ്രദ്ധയോടെ കളിച്ച ഇരുവരും തുടര്‍ന്ന് കത്തിക്കയറുകയായിരുന്നു. 15-ാം ഓവര്‍ കഴിഞ്ഞപ്പോള്‍ 118-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഹർപ്രീതും സാം കറനും നിലത്ത് നിര്‍ത്തിയില്ല. രണ്ട് സിക്‌സും നാല് ഫോറുകളും സഹിതം 31 റണ്‍സാണ് ഈ ഓവറില്‍ പഞ്ചാബ് നേടിയത്.
ആര്‍ച്ചര്‍ എറിഞ്ഞ 17-ാം ഓവറില്‍ 13 റണ്‍സ് പിറന്നു. 18-ാം ഓവറിന്‍റെ നാലാം പന്തില്‍ ഹർപ്രീതിനെ മടക്കാന്‍ കഴിഞ്ഞുവെങ്കിലും കാമറൂണ്‍ ഗ്രീന്‍ അടിവാങ്ങിക്കൂട്ടി. ഹർപ്രീതിന് പകരമെത്തിയ ജിതേഷ് ശര്‍മ നേരിട്ട ആദ്യ രണ്ട് പന്തുകള്‍ തന്നെ സിക്‌സറിന് പറത്തി. ഇതടക്കം നാല് സിക്‌സുകള്‍ പിറന്ന ഓവറില്‍ 25 റണ്‍സാണ് ഗ്രീന്‍ വഴങ്ങിയത്.
19-ാം ഓവറില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സാം കറനെ ആര്‍ച്ചറാണ് മടക്കിയത്. തുടര്‍ന്ന് 20-ാം ഓവറിന്‍റെ ആദ്യ പന്തിലും മൂന്നാം പന്തിലും ജിതേഷ് (7 പന്തില്‍ 25) സിക്‌സര്‍ പറത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ് താരത്തെ ബൗള്‍ഡാക്കിയപ്പോള്‍ അവസാന പന്തില്‍ ഹര്‍പ്രീത് ബ്രാര്‍ (2 പന്തില്‍ 5) റണ്ണൗട്ടായി. ഷാരൂഖ് ഖാന്‍ (0*) പുറത്താവാതെ നിന്നു.