അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഇന്ന് കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശർമയും മുംബൈ മുൻ താരമായ ഹാർദിക് പാണ്ഡ്യയും നേർക്കുനേർ വരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരായ തോൽവിയിൽ നിന്ന് വിജയ വഴിയിലേക്ക് തിരിച്ചെത്താനാണ് മുംബൈയുടെ ശ്രമം. മറുവശത്ത് വിജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനാണ് ഗുജറാത്തിന്‍റെ പദ്ധതി.
ആദ്യ മത്സരങ്ങളിലെ തോൽവിക്ക് ശേഷം തുടർ ജയങ്ങളുമായി മുന്നേറുന്നതിനിടെയാണ് കഴിഞ്ഞ മത്സരത്തിൽ മുംബൈ പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങിയത്. പഞ്ചാബിന്‍റെ 214 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയുടെ ഇന്നിങ്സ് 13 റണ്‍സകലെ അവസാനിക്കുകയായിരുന്നു. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങി ചെറിയ സ്കോറിനാണ് തോൽവി വഴങ്ങിയതെങ്കിലും മുംബൈയുടെ ബോളിങ് നിരയുടെ മോശം ഫോമാണ് മത്സരത്തിൽ തുറന്ന് കാട്ടിയത്.
അടിവാങ്ങിക്കൂട്ടുന്ന ബോളർമാർ: പഞ്ചാബിനെതിരായ മത്സരത്തിൽ അവസാന അഞ്ച് ഓവറിൽ 100 റണ്‍സിലധികമാണ് മുംബൈ ബോളർമാർ വഴങ്ങിയത്. ജസ്‌പ്രീത് ബുംറയ്ക്ക് പകരക്കാരനായി ജോഫ്ര ആർച്ചറിനെ ടീമിലുൾപ്പെടുത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്‌ചവയ്‌ക്കാൻ താരത്തിനാകുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിലും മോശമല്ലാതെ പന്തെറിഞ്ഞ അർജുൻ ടെൻഡുൽക്കർ പഞ്ചാബിനെതിരായ മത്സരത്തിൽ അടിവാങ്ങിക്കൂട്ടുന്ന കാഴ്‌ചയാണ് കാണാനായത്.
കോടികൾ മുടക്കി ടീമിലെത്തിയ കാമറൂണ്‍ ഗ്രീനിനും ബോളിങ്ങിലോ ബാറ്റിങ്ങിലോ മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല. സ്‌പിൻ നിരയിൽ പീയുഷ് ചൗള മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെന്നതാണ് മുംബൈയുടെ ഏക ആശ്വാസം. മറുവശത്ത് മുംബൈയുടെ ബാറ്റിങ് നിര ശക്തമാണ്. രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവർ അവസരത്തിനൊത്ത് ഉയരുന്നുണ്ട്. സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയതും മുംബൈക്ക് ആശ്വാസമാണ്.
കരുത്തരുടെ ഗ്യാങുമായി ഗുജറാത്ത്: അതേസമയം ബാറ്റുകൊണ്ടും പന്തുകൊണ്ടും ശക്തരാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്. സീസണിൽ കളിച്ച ആറ് മത്സരങ്ങളിൽ നാല് ജയങ്ങളും രണ്ട് തോൽവികളുമാണ് ഗുജറാത്തിനുള്ളത്. ലഖ്‌നൗവിനെതിരായ അവസാന മത്സരത്തിൽ 135 എന്ന വളരെ ചെറിയ സ്കോർ പോലും പ്രതിരോധിച്ച് വിജയം നേടാൻ കഴിഞ്ഞു എന്നിടത്താണ് ഗുജറാത്ത് തങ്ങളുടെ ശക്തി തുറന്ന് കാട്ടുന്നത്.
ബാറ്റർമാരിൽ വൃദ്ധിമാൻ സാഹ, ശുഭ്‌മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ എന്നിവർ മികച്ച ഫോമിൽ തന്നെ കളിക്കുന്നുണ്ട്. പേസ് നിരയിൽ മുഹമ്മദ് ഷമി, മോഹിത് ശർമ എന്നിവരും സ്‌പിൻ നിരയിൽ റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവരും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. കൂടാതെ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഹാർദിക് പാണ്ഡ്യ, രാഹുൽ തെവാട്ടിയ എന്നിവരും ടീമിന്‍റെ ശക്‌തി കേന്ദ്രങ്ങളാണ്.
നേർക്കുനേർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഒരു മത്സരത്തിൽ മാത്രമാണ് പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്. ആ മത്സരത്തിൽ മുംബൈ ഗുജറാത്തിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ് :ഇഷാൻ കിഷൻ, രോഹിത് ശർമ (ക്യാപ്‌റ്റന്‍), സൂര്യകുമാർ യാദവ്, തിലക് വർമ, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ഡെവാൾഡ് ബ്രെവിസ്, വിഷ്‌ണു വിനോദ്, രമൺ ദീപ് സിങ്, നേഹൽ വാധേര, ഡുവാൻ ജാൻസെൻ, ജോഫ്ര ആർച്ചർ, ജേസൺ ബെഹ്‌റൻഡോർഫ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, റിലീ മെര്‍ഡിത്ത്, ഷംസ് മുലാനി, ആകാശ് മധ്വാൾ, അർജുൻ ടെണ്ടുൽക്കർ, അർഷാദ് ഖാൻ, സന്ദീപ് വാര്യര്‍, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, രാഘവ് ഗോയൽ, കുമാർ കാർത്തികേയ.
ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ് :ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുദർശൻ, ഡേവിഡ് മില്ലർ, മാത്യു വെയ്‌ഡ്, അഭിനവ് മനോഹർ, വിജയ് ശങ്കർ, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, മുഹമ്മദ് ഷമി, യാഷ് ദയാൽ, അൽസാരി ജോസഫ്, പ്രദീപ് സാങ്‌വാൻ, ദർശൻ നൽകണ്ടെ, ജയന്ത് യാദവ്, ആർ സായ് കിഷോർ, നൂർ അഹമ്മദ്, കെയ്ൻ വില്യംസൺ, ഒഡെയ്‌ൻ സ്മിത്ത്, കെഎസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, ജോഷുവ ലിറ്റിൽ, മോഹിത് ശർമ.