ചെന്നൈ:ഫൈനലിനോളം ആവേശം നിറഞ്ഞ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ എറിഞ്ഞുവീഴ്‌ത്തി മുംബൈ ഇന്ത്യന്‍സ് തേരോട്ടം. മുംബൈ പടുത്തുയര്‍ത്തിയ 182 റണ്‍സ് മറികടക്കാന്‍ പാഡ് കെട്ടിയിറങ്ങിയ ലഖ്‌നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. 81 റൺസിൻ്റെ കൂറ്റൻ ജയമാണ് നിർണായക മത്സരത്തിൽ മുംബൈ സ്വന്തമാക്കിയത്.
3.3 ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളാണ് ലഖ്‌നൗവിനെ തകർത്തെറിഞ്ഞത്. ഇതോടെ കന്നി ഐപിഎല്‍ കിരീടമെന്ന ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്സിന്‍റെ സ്വപ്‌നം ഇത്തവണയും ഇല്ലാതെയായി. വിജയത്തോടെ മുംബൈ ഇന്ത്യൻസ് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
മുംബൈയുടെ ഭേദപ്പെട്ട സ്‌കോറില്‍ കണ്ണുംനട്ട് കരുതലോടെ തന്നെയായിരുന്നു ലഖ്‌നൗവിന്‍റെ ബാറ്റിങ് തുടക്കം. എന്നാല്‍ ഓപ്പണര്‍മാരായെത്തിയ കെയ്‌ല്‍ മെയേഴ്‌സിനും പ്രേരക് മങ്കാദിനും ഇത് ഫലത്തില്‍ നടപ്പിലാക്കാനായില്ല. രണ്ടാമത്തെ ഓവറില്‍ തന്നെ മങ്കാദിനെ മടക്കി ആകാശ് മാധ്വാള്‍ മുംബൈയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. ടീം സ്‌കോര്‍ 12 റണ്ണില്‍ നില്‍ക്കുമ്പോഴായിരുന്നു മങ്കാദ്, ഹൃത്വിക് ഷോക്കീന് ക്യാച്ച് നല്‍കി മടങ്ങുന്നത്.
തൊട്ടുപിന്നാലെ നാലാം ഓവറില്‍ മെയേഴ്‌സ് കൂടി തിരികെ കയറിയതോടെ ലക്‌നൗ ക്യാമ്പ് സമ്മര്‍ദത്തിലായി. 13 പന്തിൽ 18 റൺസ് നേടിയായിരുന്നു താരത്തിൻ്റെ മടക്കം. എന്നാല്‍ പകരമെത്തിയ നായകന്‍ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്‌റ്റോയിനിസും ലഖ്‌നൗവിന്‍റെ സമ്മര്‍ദം അകറ്റി. കരുതലോടെ ബാറ്റ് ചെയ്‌തും ആവശ്യ ഘട്ടത്തില്‍ ബൗണ്ടറികള്‍ കണ്ടെത്തിയും ഇരുവരും സ്‌കോര്‍ കാര്‍ഡ് ചലിപ്പിച്ചു.
കൂട്ടത്തകർച്ച: എന്നാല്‍ ആദ്യ സ്‌റ്റാറ്റജിക് ടൈം ഔട്ടിന് പിരിഞ്ഞ ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ തന്നെ മുംബൈ ലഖ്‌നൗ നായകന്‍റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കി. പിയൂഷ് ചൗളയുടെ എക്‌സ്‌പീരിയന്‍സ്‌ഡ് സ്‌പിന്നിന് മുന്നില്‍ കൂറ്റനടിക്ക് ശ്രമിച്ചായിരുന്നു ക്രുനാലിന്‍റെ മടക്കം. 11 പന്തില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ നായകന്‍റെ സമ്പാദ്യം.
പിന്നാലെ ലഖ്‌നൗവിൻ്റെ കൂട്ടത്തകർച്ചക്കാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടർന്ന് ക്രീസിലെത്തിയ ആയുഷ് ബധോനി (1), നിക്കോളാസ് പുരാൻ (0) എന്നിവരെ വളരെ വേഗം മടക്കി മുംബൈ ലഖ്‌നൗവിനെ ഞെട്ടിച്ചു. പിന്നാലെ അപ്രതീക്ഷിതമായി മാർക്കസ് സ്റ്റോയിൻസ് കൂടി പുറത്തായതോടെ മുംബൈ വിജയം ഉറപ്പിക്കുകയായിരുന്നു. 27 പന്തിൽ 40 റൺസ് നേടിയായിരുന്നു സ്റ്റോയിൻസ് മടങ്ങിയത്.
ഇതോടെ 12.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിൽ ലഖ്‌നൗ വൻ തകർച്ചയിലേക്ക് വീണു. തുടർന്നെത്തിയ കൃഷ്ണപ്പ ഗൗതം (2), ദീപക് ഹൂഡ (15) എന്നിവർ റൺഔട്ടായി മടങ്ങി. പിന്നാലെ രവി ബിഷ്ണോയ് (3), മൊഹ്സിൻ ഖാൻ (0) എന്നിവരെക്കൂടി മടക്കി മുംബൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. മുംബൈക്കായി ആകാശ് മധ്വാൾ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രിസ് ജോർദാൻ, പീയുഷ് പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റും നേടി.