മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ജയം നേടി മുംബൈ ഇന്ത്യൻസ്. മുംബൈയുടെ 219 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസേ നേടാനായുള്ളു. മൂന്ന് വിക്കറ്റ് നേടിയ ആകാശ് മധ്വാളാണ് ഗുജറാത്ത് ബാറ്റിങ് നിരയെ പിടിച്ച് കെട്ടിയത്. ഗുജറാത്തിനായി അപ്രതീക്ഷിത വെടിക്കെട്ട് നടത്തിയ റാഷിദ് ഖാൻ 32 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്നു.
വമ്പന്‍ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഗുജറാത്തിന്‍റെ തുടക്കം തന്നെ പാളി. നാല് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 26/3 എന്ന നിലയിലേക്ക് ഗുജറാത്ത് വീണിരുന്നു. വൃദ്ധിമാന്‍ സാഹ (5 പന്തില്‍ 2), ഹാര്‍ദിക് പാണ്ഡ്യ (3 പന്തില്‍ 4), ശുഭ്‌മാന്‍ ഗില്‍ (9 പന്തില്‍ 6) എന്നിവരാണ് നിരാശപ്പെടുത്തിയത്. സാഹയെയും ഗില്ലിനേയും ആകാശ് മധ്വാള്‍ മടക്കിയപ്പോള്‍ ജേസൺ ബെഹ്‌റൻഡോർഫാണ് ഹാര്‍ദിക്കിനെ പുറത്താക്കിയത്.
തുടര്‍ന്ന് ഒന്നിച്ച ഡേവിഡ് മില്ലറും വിജയ് ശങ്കറും കൂടുതല്‍ വിക്കറ്റ് നഷ്‌പ്പെടുത്താതെ പവര്‍പ്ലേ പൂര്‍ത്തിയാക്കി. ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 48/3 എന്ന നിലയിലായിരുന്നു ഗുജറാത്ത്. അപകടകരമായി മാറാമായിരുന്ന ഈ കൂട്ടുകെട്ട് ഏഴാം ഒവറിന്‍റെ ആദ്യ പന്തില്‍ തന്നെ പൊളിച്ച് പിയൂഷ് ചൗള മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. വിജയ് ശങ്കര്‍ (14 പന്തില്‍ 29 ) ബൗള്‍ഡാവുകയായിരുന്നു.
തുടര്‍ന്നെത്തിയ അഭിനവ് മനോഹറിനും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഗുജറാത്ത് 7.1 ഓവറില്‍ 55/5 എന്ന നിലയിലേക്ക് തകര്‍ന്നു. രാഹുല്‍ തെവാട്ടിയക്ക് ഒപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 12-ാം ഓവറിൻ്റെ അവസാന പന്തില്‍ മില്ലറും (26 പന്തില്‍ 41) വീണു. ആകാശ് മധ്വാളിനായിരുന്നു വിക്കറ്റ്. ഈ സമയം നൂറ് റണ്‍സായിരുന്നു ടീം ടോട്ടലിൽ ഉണ്ടായിരുന്നത്.
മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രാഹുല്‍ തെവാട്ടിയയും (13 പന്തില്‍ 14) നൂര്‍ അഹമ്മദും (3 പന്തില്‍ 1) മടങ്ങിയതോടെ സംഘം കൂടുതല്‍ പ്രതിരോധത്തിലായി. 13.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലെത്തിയ ഗുജറാത്ത് ഇതോടെ തോൽവി ഉറപ്പിച്ചു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ റാഷിദ് ഖാൻ്റെ വെടിക്കെട്ടിനാണ് വാങ്കടെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച റാഷിദ് വെറും 21 പന്തിൽ തൻ്റെ ഹാഫ് സെഞ്ച്വറി പൂർത്തിയാക്കി. തോൽവി ഉറപ്പിച്ച ഘട്ടത്തിലും മുംബൈ ബാറ്റർമാരെ ഒരു ദയവും കൂടാതെയാണ് റാഷിദ് തല്ലിയത്. കുമാർ കാർത്തികേയ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സുകളാണ് റാഷിദ് പറത്തിയത്. റാഷിദ് ഖാൻ 32 പന്തിൽ 10 സിക്സും 3 ഫോറും ഉൾപ്പെടെ 79 റൺസുമായും, അൽസാരി ജോസഫ് 7 റൺസുമായും പുറത്താകാതെ നിന്നു.
സൂര്യ താണ്ഡവം: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് അടിച്ച് കൂട്ടിയത്. സൂര്യകുമാര്‍ യാദവിന്‍റെ അപരാജിത സെഞ്ചുറിയാണ് മുംബൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 49 പന്തിൽ 11 ഫോറുകളും ആറ് സിക്‌സുകളും സഹിതം 103* റണ്‍സായിരുന്നു സൂര്യ അടിച്ചെടുത്തത്.
മുംബൈ തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെ സൂര്യയ്‌ക്ക് പിന്തുണയേകി കളിച്ച മലയാളി താരം വിഷ്‌ണു വിനോദിന്‍റെ പ്രകടനവും നിര്‍ണായകമായി. മുംബൈയുടെ തുടക്കം മികച്ചതായിരുന്നു. ഗുജറാത്ത് ബോളര്‍മാരെ അനായാസം നേരിട്ട മുംബൈ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും വിക്കറ്റ് നഷ്‌ടമില്ലാതെ 61 റണ്‍സായിരുന്നു പവര്‍പ്ലേയില്‍ നേടിയത്.
എന്നാല്‍ ഏഴാം ഓവറിന്‍റെ ആദ്യ പന്തില്‍ രോഹിത്തിനേയും അഞ്ചാം പന്തില്‍ ഇഷാനെയും മടക്കിയ റാഷിദ് ഖാന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കി. രോഹിത്തിനെ (18 പന്തില്‍ 29) രാഹുല്‍ തെവാട്ടിയ പിടികൂടിയപ്പോള്‍ ഇഷാന്‍ കിഷന്‍ (20 പന്തില്‍ 31) വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പിന്നാലെ നെഹാൽ വധേരയേയും (7 പന്തില്‍) റാഷിദ് മടക്കിയതോടെ മുംബൈ തകര്‍ച്ച മുന്നില്‍ കണ്ടു. ഈ സമയം ഒമ്പത് ഓവറില്‍ 88/3 എന്ന നിലയിലായിരുന്നു മുംബൈ.
തുടര്‍ന്ന് എത്തിയ വിഷ്‌ണു വിനോദിനൊപ്പം ചേര്‍ന്ന സൂര്യകുമാര്‍ യാദവ് മുംബൈയെ 11-ാം ഓവറില്‍ നൂറ് കടത്തി. സൂര്യയ്‌ക്ക് ഒത്ത പങ്കാളിയായി വിഷ്‌ണു വേഗം തന്നെ താളം കണ്ടെത്തിയതോടെ 15-ാം ഓവറില്‍ മുംബൈ 150 റണ്‍സ് പിന്നിട്ടു. എന്നാല്‍ 16-ാം ഓവറില്‍ വിഷ്‌ണുവിനെ (20 പന്തില്‍ 30 ) അഭിനവ് മനോഹറിന്‍റെ കയ്യില്‍ എത്തിച്ച മോഹിത് ശര്‍മ ഗുജറാത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.
സൂര്യയ്‌ക്ക് ഒപ്പം നാലാം വിക്കറ്റില്‍ 65 റണ്‍സ് ചേര്‍ത്താണ് മലയാളി താരം മടങ്ങിയത്. തുടര്‍ന്നെത്തിയ ടിം ഡേവിഡിനെ (3 പന്തില്‍ 5) നിലയുറപ്പിക്കും മുമ്പ് റാഷിദ് ഖാന്‍ സ്വന്തം പന്തില്‍ പിടികൂടി. ഇതിനിടെ 32 പന്തുകളില്‍ നിന്നും സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് കാമറൂണ്‍ ഗ്രീനിനെ (3 പന്തില്‍ 3) സാക്ഷിയാക്കി സൂര്യകുമാര്‍ വെടിക്കെട്ട് നടത്തിയതോടെയാണ് മുംബൈ സ്‌കോര്‍ കുതിച്ചത്.
അല്‍സാരി ജോസഫ് എറിഞ്ഞ ഇന്നിങ്‌സിന്‍റെ 20-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് സൂര്യകുമാര്‍ ഐപിഎല്ലിലെ തന്‍റെ ആദ്യ സെഞ്ചുറി നേടിയത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ നാല് ഓവറില്‍ 30 റണ്‍സിന് നാല് വിക്കറ്റുകൾ വീഴ്‌ത്തി. മുഹമ്മദ് ഷമിയും അല്‍സാരി ജോസഫും അന്‍പതില്‍ ഏറെ റണ്‍സ് വഴങ്ങി.
ALSO READ:പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയം; ഏഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വരാത്തതിന് കാരണമിതെന്ന് നജാം സേത്തി