ലഖ്‌നൗ:ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ലഖ്‌നൗവിന് വിജയം സമ്മാനിച്ചതിൽ നിർണായക പങ്ക് വഹിച്ചത് മൊഹ്‌സിൻ ഖാന്‍റെ അവസാന ഓവറാണ്. അവസാന ഓവറിൽ 11 റണ്‍സ് മാത്രം വിജയലക്ഷ്യം മുന്നിൽ നിൽക്കെ, ലോക ക്രിക്കറ്റിലെ തന്നെ രണ്ട് ബിഗ് ഹിറ്റേഴ്‌സ് ക്രീസിൽ നിൽക്കെ വെറും അഞ്ച് റണ്‍സ് മാത്രമാണ് മൊഹ്‌സിൻ വിട്ടുനൽകിയത്. സത്യത്തിൽ മുംബൈയുടെ കയ്യിൽ നിന്ന് മൊഹ്‌സിൻ വിജയം തട്ടിയെടുക്കുകയായിരുന്നു എന്ന് വേണമെങ്കിലും പറയാം.
അതേസമയം മത്സര ശേഷം ഈ പ്രകടനം ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്ന തന്‍റെ പിതാവിന് സമർപ്പിക്കുന്നതായി മൊഹ്‌സിൻ പറഞ്ഞു. 'കഴിഞ്ഞ ദിവസമാണ് പിതാവിനെ ഐസിയുവിൽ നിന്ന് മാറ്റിയത്. കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. എന്‍റെ പ്രകടനം അദ്ദേഹം കണ്ടിട്ടുണ്ടാകും എന്ന് ഉറപ്പാണ്. എന്‍റെ പ്രകടനത്തിൽ അദ്ദേഹം സന്തോഷിച്ചിട്ടുണ്ടാകും', മൊഹ്‌സിൻ ഖാൻ പറഞ്ഞു.
'ടീം എന്നിൽ കാണിച്ച വിശ്വാസത്തിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നിർണായകമായ ഈ മത്സരത്തിൽ ടീം വീണ്ടും എനിക്ക് അവസരം നൽകി. ഈ അവസരത്തിൽ എന്നിൽ വിശ്വാസമർപ്പിച്ച ലഖ്‌നൗ ടീം മാനേജ്‌മെന്‍റിനോടും ഗൗതം ഗംഭീറിനോടും സപ്പോർട്ടിങ് സ്റ്റാഫിനോടും നന്ദി അറിയിക്കുന്നു', മൊഹ്‌സിൻ പറഞ്ഞു.
തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ആഭ്യന്തര സീസണും ഈ ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങളും മൊഹ്സിന്‍ ഖാന് നഷ്‌ടമായിരുന്നു. ഗുജറാത്തിനെതിരായ മത്സരത്തിലാണ് മൊഹ്‌സിൻ ഈ സീസണിൽ ആദ്യമായി പന്തെറിയുന്നത്. എന്നാൽ മത്സരത്തിൽ മൂന്ന് ഓവറിൽ 42 റണ്‍സായിരുന്നു താരം വിട്ടുനൽകിയത്. മുംബൈക്കെതിരായ മത്സരത്തിലും രണ്ട് ഓവറിൽ 21 റണ്‍സ് താരം വിട്ടുനൽകിയിരുന്നു. എന്നാൽ അവസാന ഓവറിൽ മനോഹരമായി പന്തെറിഞ്ഞ് താരം ഗെയിം ചെയിഞ്ചറായി മാറുകയായിരുന്നു.
ഗുരുതര പരിക്ക്: 'പരിക്കേറ്റ കാലഘട്ടം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒരു ഘട്ടത്തിൽ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഞാൻ ചിന്തിച്ചു. എനിക്ക് കൈ ഉയർത്താൻ പോലും കഴിഞ്ഞിരുന്നില്ല. എന്‍റെ കൈ എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ല. എന്‍റെ ഫിസിയോ എന്നോടൊപ്പം നിന്നു. തികച്ചും ഭയാനകമായ നാളുകളായിരുന്നു അത്. ശസ്‌ത്രക്രിയ ഒരു മാസം കൂടി വൈകിയിരുന്നെങ്കിൽ എന്‍റെ കൈ മുറിച്ച് മാറ്റേണ്ടി വരുമെന്നായിരുന്നു ഡോക്‌ടർമാർ പറഞ്ഞത്.
ഒരു ക്രിക്കറ്റ് താരത്തിനും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. എന്‍റെ ധമനികളിലൂടെയുള്ള രക്തയോട്ടം തടസപ്പെട്ടത് തികച്ചും അസാധാരണമായിരുന്നു. അക്കാലത്ത് വീണ്ടും ക്രിക്കറ്റ് കളിക്കാൻ കഴിയുമോ എന്ന പ്രതീക്ഷ പോലും എന്നിൽ നിന്ന് ഇല്ലാതായി. എന്നാൽ പ്രതിസന്ധി കാലത്ത് ലഖ്‌നൗ ടീമിന്‍റെ പിന്തുണ എനിക്ക് വലിയ ഉയർച്ചയാണ് നൽകിയത്', മൊഹ്‌സിൻ വ്യക്‌തമാക്കി.
കഴിഞ്ഞ സീസണിൽ ലഖ്‌നൗവിനായി തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് മൊഹ്‌സിൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അന്ന് ഒൻപത് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയിരുന്നത്. ന്യൂബോളിൽ വിക്കറ്റ് വീഴ്‌ത്താനും, ഡെത്ത് ഓവറുകൾ എറിയാനും ഒരുപോലെ മൊഹ്‌സിൻ മികവ് കാട്ടിയിരുന്നു. മികച്ച ലൈനിലും ലെങ്‌തിലും ബോൾ എറിയുന്ന താരം യോർക്കറുകളിലും സ്ലോ ബോളുകളിലും ഒരുപോലെ തിളങ്ങിയിരുന്നു.
ബെഞ്ചിലിരുത്തിയതിനുള്ള പ്രതികാരം: 23കാരനായ മൊഹ്‌സിൻ 2018ലാണ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്. 2020ല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കും വരവറിയിച്ച മൊഹ്‌സിന്‍ 2018 മുതല്‍ ഐപിഎല്ലിന്‍റെ ഭാഗമാണ്. 2018 മുതൽ 2021വരെ മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമായിരുന്നു മൊഹ്‌സിൻ. എന്നാൽ ഒരു മത്സരത്തിൽ പോലും താരത്തിന് മുംബൈ അവസരം നൽകിയിരുന്നില്ല. പിന്നാലെയാണ് ലഖ്‌നൗവിലേക്ക് എത്തുന്നത്. ഇതോടെ മൊഹ്‌സിന്‍റെ തലവരയും തെളിയുകയായിരുന്നു.