ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 122 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 121 റണ്‍സെടുത്തത്. 41 പന്തില്‍ 34 റണ്‍സെടുത്ത രാഹുൽ ത്രിപാഠിയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
അൻമോൽപ്രീത് സിങ് 26 പന്തില്‍ 31 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് ഹൈദരാബാദിനെ തകര്‍ത്തത്. ലഖ്‌നൗ ബോളര്‍മാര്‍ തുടക്കം മുതല്‍ക്ക് വരിഞ്ഞ് മുറുക്കിയതോടെ ഹൈദരാബാദ് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിനും അൻമോൽപ്രീതിനും വമ്പനടികള്‍ക്ക് കഴിഞ്ഞിരുന്നില്ല.
മൂന്നാം ഓവറില്‍ തന്നെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്‌ടമാവുകയും ചെയ്‌തു. ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത മായങ്ക് അഗര്‍വാളായിരുന്നു ആദ്യം വീണത്. ക്രുണാലിന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മാര്‍കസ് സ്‌റ്റോയിനിസ് പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം.
തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠിക്കൊപ്പം അൻമോൽപ്രീത് ടീമിനെ പതിയെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്‌ടത്തില്‍ 43 റണ്‍സായിരുന്നു ഹൈദരാബാദിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ എട്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ അൻമോൽപ്രീതിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ക്രുണാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നീടെത്തിയ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക് എന്നിവര്‍ നിരാശപ്പെടുത്തി. ഹൈദരാബാദിന്‍റെ ക്യാപ്റ്റനായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മാര്‍ക്രം നേരിട്ട ആദ്യ പന്തില്‍ തന്നെ കുറ്റി തെറിച്ചാണ് മടങ്ങിയത്. ക്രുണാലിനായിരുന്നു വിക്കറ്റ്. ബ്രൂക്കിനാവട്ടെ നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.