ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബാറ്റിങ് തെരഞ്ഞെടുക്കുകായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ഡുപ്ലെസിസിന് പകരം വിരാട് കോലിയായിരുന്നു ബാംഗ്ലൂരിനെ നയിച്ചിരുന്നത്.
ഐപിഎല്‍ 16-ാം സീസണിലെ 43-ാം മത്സരമാണിത്. ലഖ്‌നൗവിന്‍റെ തട്ടകമായ ഏക്‌ന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ടീമിലിടം കണ്ടെത്തി.
ഷഹ്ബാസ് അഹമ്മദ് പുറത്തായപ്പോള്‍ അനുജ് റാവത്തിനാണ് അവസരം ലഭിച്ചത്. മറുവശത്ത് ഒരുമാറ്റമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വരുത്തിയിട്ടുള്ളതെന്ന് നായകന്‍ കെഎല്‍ രാഹുല്‍ അറിയിച്ചു. ആവേശ് ഖാന് സ്ഥാനം നഷ്‌ടമായപ്പോള്‍ കൃഷ്‌ണപ്പ ഗൗതമാണ് ടീമിലെത്തിയത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിങ് ഇലവൻ):വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോര്‍, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി, വാനിന്ദു ഹസരംഗ, കരൺ ശർമ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇംപാക്‌ട് സബ്‌സ്: ഹർഷൽ പട്ടേൽ, ഷഹബാസ്, വൈശാഖ്, ബ്രേസ്‌വെൽ, സോനു യാദവ്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിംഗ് ഇലവൻ): കെഎൽ രാഹുൽ (ക്യാപ്റ്റന്‍), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), കൃഷ്ണപ്പ ഗൗതം, രവി ബിഷ്‌ണോയ്, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, യാഷ് താക്കൂർ.
ലഖ്‌നൗ സൂപ്പർജയന്‍റ്‌സ് ഇംപാക്‌ട് സബ്‌സ്: ആയുഷ് ബദോനി, ഡാനിയൽ സാംസ്, അവേഷ് ഖാൻ, ക്വിന്‍റണ്‍ ഡി കോക്ക്, പ്രേരക് മങ്കാദ്.
16-ാം സീസണില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും ഇറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം നേടിയ ലഖ്‌നൗ പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരാണ്. നാല് വിജയങ്ങള്‍ നേടിയ ബാംഗ്ലൂരാവട്ടെ പോയിന്‍റ് പട്ടികയില്‍ ആറാമതാണ്.
അവസാനത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് കീഴടങ്ങിയിരുന്നു. ഇതോടെ ജയം തുടരാന്‍ കെഎല്‍ രാഹുലിന്‍റെ ലഖ്‌നൗ ലക്ഷ്യം വയ്‌ക്കുമ്പോള്‍ വിജയ വഴിയിലേക്ക് തിരികെയെത്താനാവും ബാംഗ്ലൂരിന്‍റെ ശ്രമം. ഇതിനപ്പുറം സീസണില്‍ നേരത്തെ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ലഖ്‌നൗ ബാംഗ്ലൂരിനെ തോല്‍പ്പിച്ചിരുന്നു.
സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ 213 റണ്‍സിന്‍റെ വമ്പന്‍ ലക്ഷ്യമുയര്‍ത്തിയിട്ടും അവസാന പന്തില്‍ ഒരു വിക്കറ്റിന് ലഖ്‌നൗ ജയിച്ച് കയറുകയായിരുന്നു. ഇന്ന് ഈ കണക്ക് കൂടെ വീട്ടാനുറച്ചാവും ഫാഫ് ഡുപ്ലെസിസും സംഘവും കളത്തിലിറങ്ങുക.
ALSO READ:IPL 2023: മുംബൈ ജയിച്ചിരിക്കാം, പക്ഷെ.. എല്ലാം ശരിയായിട്ടില്ല; അപകടം ചൂണ്ടിക്കാട്ടി റോബിന്‍ ഉത്തപ്പ