ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ പഞ്ചാബ് കിങ്‌സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ സാം കറന്‍ ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. പഞ്ചാബിന്‍റെ സ്ഥിരം നായകന്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സാം കറന് ടീമിന്‍റെ ചുമതല നല്‍കിയത്.
ഐപിഎല്ലിലെ 16-ാം സീസണിലെ 21-ാം മത്സരമാണിത്. സീസണില്‍ ആദ്യമായാണ് തങ്ങള്‍ക്ക് ടോസ് ലഭിക്കുന്നതും ആദ്യം ബോളിങ് ലഭിക്കുന്നതെന്നും സാം കറന്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന് പരിക്കേറ്റതെന്ന് സാം കറന്‍ അറിയിച്ചു. സിക്കന്ദര്‍ റാസയാണ് പകരക്കാരനായി ടീമിലേക്ക് മടങ്ങിയെത്തിയത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളുണ്ടെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ അറിയിച്ചു. ജയ്ദേവ് ഉനദ്‌ഘട്ട് പുറത്തായപ്പോള്‍ യുധ്‌വീർ സിങ് ചരകാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്.
പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): അഥർവ ടൈഡെ, മാത്യു ഷോർട്ട്, ഹർപ്രീത് സിങ് ഭാട്ടിയ, സിക്കന്ദർ റാസ, സാം കറൻ(ക്യാപ്റ്റന്‍), ജിതേഷ് ശർമ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (പ്ലേയിങ് ഇലവൻ): കെഎൽ രാഹുൽ (സി), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ (ഡബ്ല്യു), ആയുഷ് ബദോനി, ആവേശ് ഖാൻ, യുധ്‌വീർ സിങ് ചരക്, മാർക്ക് വുഡ്, രവി ബിഷ്‌ണോയി.
സീസണില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും പഞ്ചാബ് കിങ്‌സും ഇറങ്ങുന്നത്. കഴിച്ച നാല് മത്സരങ്ങളില്‍ ഒരു തോല്‍വിയാണ് ലഖ്‌നൗ വഴങ്ങിയത്. ആദ്യ മത്സത്തിൽ ഡൽഹി ക്യാപിറ്റല്‍സിനെ കീഴടക്കിയാണ് ലഖ്‌നൗ സീസണ്‍ ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങിയ സംഘം തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും റോയല്‍ ചലഞ്ചേഴ്‌സിനേയും തോല്‍പ്പിച്ച് വിജയ വഴിയില്‍ തിരിച്ചെത്തിയിരുന്നു.
ഇന്ന് പഞ്ചാബിനേയും കീഴടക്കി സീസണില്‍ തുടര്‍ച്ചായ മൂന്നാം വിജയമാണ് കെഎല്‍ രാഹുലും സംഘവും ലക്ഷ്യം വയ്‌ക്കുന്നത്. മറുവശത്ത് പഞ്ചാബാവട്ടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും തോല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടും തോല്‍വി വഴങ്ങി.
ഇതോടെ ലഖ്‌നൗവിനെ കീഴടക്കി വിജയ വഴിയില്‍ തിരിച്ചെത്താനാവും പഞ്ചാബിന്‍റെ ശ്രമം. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ അരങ്ങേറ്റം നടത്തിയ ലഖ്‌നൗവിനെതിരെ നേരത്തെ ഒരു മത്സരത്തിലാണ് പഞ്ചാബ് ഏറ്റുമുട്ടിയിട്ടുള്ളത്. അന്ന് ലഖ്‌നൗവിനൊപ്പമായിരുന്നു വിജയം. ഇന്ന് ഈ കടം വീട്ടാനുറച്ച് കൂടിയാവും പഞ്ചാബിറങ്ങുക.
എവിടെ കാണാം: ഐപിഎല്ലിലെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് vs പഞ്ചാബ് കിങ്സ് പോരാട്ടം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയ സംപ്രേക്ഷണം ചെയ്യുന്നത്. ജിയോ സിനിമ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവയിലൂടെയും ലഖ്‌നൗ-പഞ്ചാബ് പോരാട്ടം കാണാം.
ALSO READ: 'അവന്‍റെ പരിധി ആകാശം, കോലിയുടെ പിന്‍ഗാമി'; ശുഭ്‌മാന്‍ ഗില്ലിനെ വാഴ്‌ത്തി റമീസ് രാജ