കേരളം

kerala

ETV Bharat / sports

IPL 2023 | അവസാന ഓവറില്‍ വീഴ്‌ത്തിയത് നാല് വിക്കറ്റ്; ലഖ്‌നൗവിനെതിരെ നാടകീയ വിജയം പിടിച്ച് ഗുജറാത്ത്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 128ല്‍ ഒതുങ്ങി.

IPL 2023  Lucknow Super Giants vs Gujarat Titans highlights  Lucknow Super Giants  Gujarat Titans  LSG vs GT highlights  KL rahul  hardik pandya  ഐപിഎല്‍  ഐപിഎല്‍ 2023  ഗുജറാത്ത് ടൈറ്റന്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ഹാര്‍ദിക് പാണ്ഡ്യ  കെഎല്‍ രാഹുല്‍
ലഖ്‌നൗവിനെതിരെ നാടകീയ വിജയം പിടിച്ച് ഗുജറാത്ത്

By

Published : Apr 22, 2023, 8:23 PM IST

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ്‌ റണ്‍സിന്‍റെ നാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 15 ഓവറില്‍ രണ്ടിന് 106 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ലഖ്‌നൗ തോല്‍വിയിലേക്ക് വീണത്.

ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ വിജയത്തിന് 12 റണ്‍സ് വേണമെന്നിരിക്കെ നാല് വിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്‌ടമായത്. 61 പന്തില്‍ 68 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. കെയ്‌ല്‍ മെയേഴ്‌സ് (19 പന്തില്‍ 24), ക്രുണാല്‍ പാണ്ഡ്യ (23 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.

കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ കെഎല്‍ രാഹുലും കെയ്‌ല്‍ മെയേഴ്‌സും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.3 ഓവറില്‍ 55 റണ്‍സാണ് നേടിയത്. മെയേഴ്‌സിനെ ബൗള്‍ഡാക്കിയ റാഷിദ്‌ ഖാനാണ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്.

തുടര്‍ന്ന് എത്തിയ ക്രുണാലിനെ കൂട്ടുപിടിച്ച രാഹുല്‍ ടീമിനെ മുന്നോട്ട് നയിച്ചു. 13-ാം ഓവറില്‍ രാഹുല്‍ 38 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തായാക്കി. പിന്നാലെ 14-ാം ഓവറില്‍ ലഖ്‌നൗ നൂറ് കടന്നു. ലഖ്‌നൗ അനായാസ വിജയത്തിലേക്ക് തോന്നിച്ച ഘട്ടമാണിത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ക്രുണാലും പിന്നാലെ നിക്കോളാസ് പുരാനും (7 പന്തില്‍ 1) തിരിച്ച് കയറിയതോടെ ലഖ്‌നൗ 16.5 ഓവറില്‍ 110 എന്ന നിലയിലായി.

തുടര്‍ന്ന് രാഹുലും ആയുഷ്‌ ബദോനിയും ക്രീസില്‍ ഒന്നിച്ചു. വിജയത്തിന് 12 റണ്‍സ് വേണ്ടിയിരുന്ന 20-ാം ഓവര്‍ ഏറെ നാടകീയമായിരുന്നു. മോഹിത് ശര്‍മയേയാണ് ഗുജറാത്ത് നായകന്‍ പന്തേല്‍പ്പിച്ചത്. ആദ്യ പന്തില്‍ രണ്ട് റണ്‍സ് കണ്ടെത്തിയ രാഹുല്‍ രണ്ടാം പന്തില്‍ ജയന്ത് യാദവിന്‍റെ കയ്യില്‍ ഒതുങ്ങി.

തുടര്‍ന്നെത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. തൊട്ടടുത്ത പന്തുകളില്‍ ഡബിള്‍ ഓടാനുള്ള ശ്രമത്തിനിടെ ആയുഷ് ബദോനിയും (6 പന്തില്‍ 8), ദീപക് ഹൂഡയും (2 പന്തില്‍ 2) റണ്ണൗട്ടായതോടെ ലഖ്‌നൗവിന്‍റെ പതനം പൂര്‍ത്തിയായി. പ്രേരക് മങ്കാദും, രവി ബിഷ്‌ണോയിയും പുറത്താവാതെ നിന്നു. ഗുജറാത്തിനായി നൂര്‍ അഹമ്മദും മോഹിത് ശര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

പൊരുതി ഹാര്‍ദിക്:നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 135 റണ്‍സ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 66 റണ്‍സാണ് താരം നേടിയത്.

ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ (2 പന്തില്‍ 0) സംഘത്തിന് നഷ്‌ടമായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ രവി ബിഷ്‌ണോയിയാണ് ഗില്ലിനെ പിടികൂടിയത്. തുടര്‍ന്ന് ഒന്നിച്ച വൃദ്ധിമാന്‍ സാഹയും ഹാര്‍ദിക്കും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 40 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് 11-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സാഹയെ (37 പന്തില്‍ 47 ) പുറത്താക്കിയ ക്രുണാലാണ് ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കിയത്.

സാഹയും ഹാര്‍ദിക്കും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സാണ് നേടിയത്. തുടര്‍ന്ന് എത്തിയെ അഭിനവ് മനോഹറിനും (5 പന്തില്‍ 3), വിജയ്‌ ശങ്കറിനും (12 പന്തില്‍ 10) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അഭിനവിനെ അമിത് മിശ്രയും വിജയ്‌ ശങ്കറിനെ നവീൻ ഉൾ ഹഖുമാണ് പുറത്താക്കിയത്. തുടര്‍ന്ന് എത്തിയ ഡേവിഡ് മില്ലര്‍ക്കൊപ്പം ചേര്‍ന്ന ഹാര്‍ദിക് 17-ാം ഓവറില്‍ ഗുജറാത്തിനെ 100 കടത്തി.

തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. രവി ബിഷ്‌ണോയ്‌ എറിഞ്ഞ ഈ ഓവറില്‍ രണ്ട് സിക്‌സുകളും ഒരു ഫോറും അടക്കം 19 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. പക്ഷെ നവീൻ ഉൾ ഹഖ് എറിഞ്ഞ 19-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് സംഘത്തിന് ലഭിച്ചത്.

20-ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് ഹാര്‍ദിക് മടങ്ങുന്നത്. മാർക്കസ് സ്റ്റോയിനിസിന്‍റെ ആദ്യ പന്തില്‍ സിക്‌സര്‍ കണ്ടെത്തിയ ഹാര്‍ദിക്ക് രണ്ടാം പന്തും അതിര്‍ത്തി കടത്താന്‍ ശ്രമിച്ച് കെഎല്‍ രാഹുലിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ ഡേവിഡ് മില്ലറെ (12 പന്തില്‍ 6) ദീപക് ഹൂഡ പിടികൂടിയപ്പോള്‍ രാഹുല്‍ തിവാട്ടിയ (2 പന്തില്‍ 2) പുറത്താവാതെ നിന്നു. ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യ, സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ALSO RAED:'മോഷണം പോയ കിറ്റ് കിട്ടി'; നന്ദി അറിയിച്ച് ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍

ABOUT THE AUTHOR

...view details