ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 16-ാം സീസണില്‍ അരങ്ങേറ്റം നടത്താന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് കഴിഞ്ഞിരുന്നു. മുംബൈ ഇന്ത്യൻസിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലിലെ ആദ്യ മത്സരം കളിച്ചത്. എന്നാല്‍ ഒരു നിർഭാഗ്യകരമായ സംഭവത്തിന്‍റെ ഇരയായിരിക്കുകയാണ് 23-കാരനായ താരം.
തനിക്ക് നായയുടെ കടിയേറ്റുവെന്നാണ് മുംബൈ ഇന്ത്യന്‍സ് ഓള്‍ റൗണ്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരം യുധ്‌വീർ സിങ്ങിനോടാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഇരുവരും തമ്മില്‍ കണ്ടത്.
നായുടെ കടിയേറ്റതിനെക്കുറിച്ച് അർജുൻ വെളിപ്പെടുത്തുന്ന വീഡിയോ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. എങ്ങിനെ ഇരിക്കുന്നുവെന്ന യുധ്‌വീറിന്‍റെ ചോദ്യത്തിനാണ് തന്നെ നായ കടിച്ചെന്ന് അര്‍ജുന്‍ മറുപടി നല്‍കിയത്. താരത്തിന്‍റെ ഇടതു കൈക്കാണ് കടിയേറ്റതെന്നാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.
കാരണം ഇക്കാര്യം പറയുമ്പോള്‍ ഇടത് കൈ ഉയര്‍ത്തിക്കാട്ടുന്ന താരം ഒരു ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പറയുന്നുണ്ട്. അതേസമയം ഏറെ നാളെത്തെ കാത്തിരിപ്പ് ഒടുവിലായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. 2021-ലെ താര ലേലത്തിലാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് ആദ്യമായി തങ്ങളുടെ സ്‌ക്വാഡില്‍ ചേര്‍ക്കുന്നത്.