കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് ബാറ്റിങ്. ടോസ് നേടിയ കൊൽക്കത്തൻ നായകൻ നിതീഷ് റാണ ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊൽക്കത്ത കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ലഖ്‌നൗ രണ്ട് മാറ്റങ്ങളുമായാണ് ക്രീസിലെത്തുന്നത്. ദീപക് ഹൂഡ, സ്വപ്‌നിൽ സിങ് എന്നിവർക്ക് പകരം കരണ്‍ ശർമ, കൃഷ്‌ണപ്പ ഗൗതം എന്നിവർ ടീമിൽ ഇടം നേടി.
ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാകും ലഖ്‌നൗവിന്‍റെ ശ്രമം. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ. ഇന്നത്തെ മത്സരം വിജയിച്ചാൽ 17 പോയിന്‍റുമായി ആദ്യ മൂന്നിനുള്ളിൽ സ്ഥാനം പിടിക്കാൻ ലഖ്‌നൗവിനാകും. തോൽവിയാണ് ഫലമെങ്കിൽ മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിച്ചാകും ലഖ്‌നൗവിന്‍റെ മുന്നോട്ട് പോക്ക്.
അതേസമയം പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മത്സരത്തിൽ കൂറ്റൻ വിജയം നേടിയാൽ മാത്രമേ പ്ലേ ഓഫിലേക്കുള്ള പ്രതീക്ഷകൾക്കെങ്കിലും വകയുണ്ടാകുകയുള്ളു. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റാണ് നിലവിൽ കൊൽക്കത്തക്കുള്ളത്. വിജയിച്ചാൽ പോലും മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിച്ചാകും കൊൽക്കത്തയുടെ ഭാവി.
അവസാന രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കിയാണ് ലഖ്‌നൗ ഇന്ന് കൊൽക്കത്തക്കെതിരെ പോരാടാനെത്തുന്നത്. മാർക്കസ് സ്റ്റോയിൻസിന്‍റെ പ്രകടന മികവിലായിരുന്നു രണ്ട് മത്സരങ്ങളിലും ലഖ്‌നൗ വിജയം പിടിച്ചെടുത്തത്. നിക്കോളാസ് പുരാൻ, ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരുടെ പ്രകടനവും ടീമിന് നിർണായകമാണ്. നായകൻ ക്രുണാൽ പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടവും ടീമിന് കരുത്തേകും.