കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏഴ് വിക്കറ്റിന്‍റെ മിന്നും വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നേടിയ 179 റണ്‍സിന് മറുപടിക്കിറങ്ങിയ ഗുജറാത്ത് 17.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി 180 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. വിജയ് ശങ്കര്‍ (24 പന്തില്‍ 51*), ശുഭ്മാൻ ഗില്‍ (35 പന്തില്‍ 49), ഡേവിഡ് മില്ലര്‍ (18 പന്തില്‍ 32*) എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന് അനായാസ വിജയം ഒരുക്കിയത്.
കൊല്‍ക്കത്തയ്‌ക്ക് മറുപടിക്ക് ഇറങ്ങിയ ഗുജറാത്തിന് അഞ്ചാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാൻ സാഹയെ നഷ്‌ടപ്പെട്ടിരുന്നു. 10 പന്തില്‍ 10 റണ്‍സെടുത്ത സാഹയെ റസ്സലാണ് മടക്കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഒപ്പം ചേര്‍ന്ന ശുഭ്‌മാന്‍ ഗില്‍ ടീമിനെ മുന്നോട്ട് നയിച്ചു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് ഹാര്‍ദിക്കിനെ (20 പന്തില്‍ 26) വിക്കറ്റിന് മുന്നില്‍ കുടുക്കി ഹര്‍ഷിത് റാണയാണ് പൊളിച്ചത്. പിന്നാലെ ഗില്ലും മടങ്ങുമ്പോള്‍ 11.2 ഓവറില്‍ മൂന്നിന് 93 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്.
നരെയ്‌ന്‍റെ പന്തില്‍ റസ്സലാണ് ഗില്ലിനെ പിടികൂടിയത്. തുടര്‍ന്ന് ഒന്നിച്ച വിജയ് ശങ്കറും ഡേവിഡ് മില്ലറും ചേര്‍ന്ന് അപരാജിതമായ നാലാം വിക്കറ്റില്‍ 87 റണ്‍സ് നേടിയാണ് ഗുജറാത്തിന്‍റെ വിജയം ഉറപ്പിച്ചത്. ഇതിനിടെ മില്ലറിന്‍റെ ക്യാച്ച് സുയാഷ് ശര്‍മ പാഴാക്കിയത് മത്സരത്തില്‍ ഏറെ നിര്‍ണായകമായി. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഗുജറാത്തിന് കഴിഞ്ഞു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 179 റണ്‍സ് നേടിയത്. റഹ്മാനുള്ള ഗുർബാസിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി പ്രകടനമാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന്‍റെ നട്ടെല്ല്. അവസാന ഓവറുകളില്‍ മിന്നിയ ആന്ദ്രെ റസ്സലും നിര്‍ണായകമായി.
മഴയെത്തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സായിരുന്നു ആദ്യ ആറ് ഓവറില്‍ കൊല്‍ക്കത്തയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. എന്‍ ജഗദീശന്‍ (15 പന്തില്‍ 19), ശാര്‍ദുല്‍ താക്കൂര്‍ (4 പന്തില്‍ 0) എന്നിവരെയാണ് കൊല്‍ക്കത്തയ്‌ക്ക് ആദ്യം നഷ്‌ടമായത്.