ഡൽഹി:ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബോളിങ് തിരഞ്ഞെടുത്തു. നേരത്തെ മഴ മൂലം ടോസ് വൈകിയിരുന്നു. മത്സരം നടക്കുന്ന ഡൽഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിൽ വൈകുന്നേരം മുതൽ മഴ പിടിമുറുക്കുകയായിരുന്നു. തുടര്‍ന്ന് 8.15ഓടെയാണ് ടോസ് ഇട്ടത്.
തോൽവിയിൽ മുങ്ങി ഡൽഹി: തുടക്കം മുതൽ തകർച്ചയിലാണ് ഇത്തവണ ഡൽഹി ക്യാപിറ്റൽസ്. സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ ഡേവിഡ് വാർണർക്കും കൂട്ടർക്കും സാധിച്ചിട്ടില്ല. കളിച്ച അഞ്ച് മത്സരങ്ങളിലും അഞ്ചിലും തോൽവിയായിരുന്നു ഫലം. ബാറ്റിങ്ങും, ബോളിങ്ങും, ഫീൽഡിങ്ങും തുടങ്ങി തൊട്ടതെല്ലാം പിഴയ്‌ക്കുന്ന അവസ്ഥയിലാണ് ഡൽഹി ഇപ്പോൾ.
കരുത്തുറ്റ താരങ്ങൾ ഉണ്ടെങ്കിൽ പോലും ആരും നിലവാരത്തിനൊത്ത് ഉയരാത്തതാണ് ഡൽഹിക്ക് തിരിച്ചടിയാകുന്നത്. നായകൻ ഡേവിഡ് വാർണർ മാത്രമാണ് നിലവിൽ ഡൽഹി ബാറ്റിങ് നിരയിൽ റണ്‍സ് കണ്ടെത്തുന്നത്. മിച്ചൽ മാർഷ്, പൃഥ്വി ഷാ, മനീഷ് പാണ്ഡെ തുടങ്ങിയ താരങ്ങൾ അമ്പേ പരാജയമായി മാറുന്ന കാഴ്‌ചയാണ് നിലവിൽ കാണാൻ കഴിയുന്നത്.
ഇവർ ഫോമിലേക്കുയർന്നാൽ മാത്രമേ ഡൽഹിക്ക് പോയിന്‍റ് പട്ടികയിൽ മുന്നേറാനാകുകയുള്ളു. കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്‌ജെ, മുസ്‌തഫിസുർ റഹ്മാൻ എന്നിവരുൾപ്പെടെ ലോകോത്തര നിലവാരത്തിലുള്ള ബോളർമാരുണ്ടെങ്കിലും സ്ഥിരതയില്ലായ്‌മയും ബാറ്റർമാരുടെ മോശം പ്രകടനവുമാണ് ഡൽഹിയെ തുടർ തോൽവികളിൽ കൊണ്ടെത്തിക്കുന്നത്.
തിരിച്ചുവരാൻ കൊൽക്കത്ത: അതേസമയം തുടർച്ചയായ രണ്ട് തോൽവികൾക്ക് പകരമെന്നോണം വിജയം തേടിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളോട് പരാജയപ്പെട്ട കൊൽക്കത്തയ്‌ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം ഉൾപ്പെടെ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത.