കൊല്‍ക്കത്ത:ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഹിമാലയന്‍ സ്കോര്‍ അടിച്ചെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. അജിങ്ക്യ രഹാനെ, ശിവം ദുബെ, ഡെവോണ്‍ കോണ്‍വേ എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി പ്രടനമാണ് ചെന്നൈയെ വമ്പന്‍ സ്കോറില്‍ എത്തിച്ചത്.
29 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന രഹാനെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മിന്നും തുടക്കമായിരുന്നു ചെന്നൈക്ക് ഓപ്പണര്‍മായ റിതുരാജ് ഗെയ്ക്വാദ് - ഡെവോൺ കോൺവേ സഖ്യം നല്‍കിയത്. 7.3 ഓവര്‍ നീണ്ട ഒന്നാം വിക്കറ്റില്‍ 73 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. റിതുരാജ് ഗെയ്ക്വാദിനെ (20 പന്തില്‍ 35) ബൗള്‍ഡാക്കിയ സുയാഷ് ശര്‍മ്മയിരുന്നു കൊല്‍ക്കത്തയ്ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
തുടര്‍ന്നെത്തിയ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച കോണ്‍വേ ചെന്നൈയെ മൂന്നോട്ട് നയിച്ചു. 10ാം ഓവറില്‍ 34 പന്തുകളില്‍ നിന്നും കോണ്‍വേ അര്‍ധ സെഞ്ച്വറി തികച്ചു. തുടര്‍ന്ന് 11ാം ഓവറില്‍ ചെന്നൈ 100 കടന്നു. തുടര്‍ന്ന് 13-ാം ഓവറിന്റെ ആദ്യ പന്തില്‍ കോണ്‍വെ മടങ്ങുമ്പോള്‍ 109 റണ്‍സായിരുന്നു ചെന്നൈക്ക് നേടാന്‍ കഴിഞ്ഞത്.
40 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്സും സഹിതം 56 റണ്‍സെടുത്ത കോണ്‍വേയെ വരുണ്‍ ചക്രവര്‍ത്തിയാണ് തിരിച്ചയച്ചത്. നാലാം നമ്പറിലെത്തിയ ശിവം ദുബെ തുടക്കം തൊട്ട് അടി തുടങ്ങിയതോടെ ടീമിന്റെ സ്കോര്‍ കുതിച്ചു. ഉമേഷ് യാദവ് എറിഞ്ഞ 14ാം ഓവറില്‍ രണ്ട് സിക്സുകളും രണ്ട് ഫോറുകളും സഹിതം 22 റണ്‍സാണ് ചെന്നൈ താരങ്ങള്‍ അടിച്ചുകൂട്ടിയത്. 15 ഓവറില്‍ ടീം സ്കോര്‍ 160ല്‍ എത്തി.