കേരളം

kerala

ETV Bharat / sports

IPL 2023 | തലപ്പത്തെത്തി 'തലയും ടീമും'; കൊൽക്കത്തക്കെതിരെ 49 റൺസ് ജയം, പോയിൻ്റ് ടേബിളിൽ ഒന്നാമത് - ശിവം ദുബെ

ചെന്നൈയുടെ 236 റൺസ് പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസേ നേടാനായുള്ളു

IPL 2023  Kolkata Knight Riders vs Chennai Super Kings  Kolkata Knight Riders  Chennai Super Kings  KKR vs CSK highlights  devon conway  ajinkya rahane  shivam dube  ഐപിഎല്‍  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  അജിങ്ക്യ രഹാനെ  ശിവം ദുബെ  ഡെവോണ്‍ കോണ്‍വെ
IPL 2023 ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത

By

Published : Apr 23, 2023, 11:44 PM IST

കൊല്‍ക്കത്ത:ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 49 റൺസിൻ്റെ കൂറ്റൻ ജയം. ചെന്നൈയുടെ 236 എന്ന റൺമല പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസേ നേടാനായുള്ളു. അർധ സെഞ്ച്വറി നേടി ജേസൺ റോയും റിങ്കു സിങും കളം നിറഞ്ഞെങ്കിലും ചെന്നൈയുടെ കൂറ്റൻ സ്കോർ മറികടക്കാൻ കൊൽക്കത്തയ്ക്കായില്ല.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റുകളാണ് സംഘത്തിന് നഷ്‌ടമായത്. ഓപ്പര്‍മാരായ എൻ ജഗദീശൻ (3 പന്തില്‍ 1), സുനില്‍ നരെയ്‌ന്‍ (3 പന്തില്‍ 0) എന്നിവരാണ് വന്നപാടെ മടങ്ങിയത്. ഇന്നിങ്‌സിന്‍റെ നാലാം പന്തില്‍ ജഗദീശനെ തുഷാര്‍ ദേശ്‌പാണ്ഡെ ജഡേജയുടെ കയ്യിലെത്തിച്ചപ്പോള്‍, രണ്ടാം ഓവറിന്‍റെ രണ്ടാം പന്തില്‍ നരെയ്‌ന്‍ ബൗള്‍ഡാവുകയായിരുന്നു.

ആകാശ്‌ ദീപാണ് താരത്തെ പുറത്താക്കിയത്. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ നിതീഷ്‌ റാണയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ടീമിനെ 38-2 എന്ന നിലയിലെത്തിച്ചു. എന്നാല്‍ എട്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ വെങ്കടേഷിനെ മടക്കിയ മോയിന്‍ അലി കൊല്‍ക്കത്തയെ വീണ്ടും പ്രതിരോധത്തിലാക്കി. 20 പന്തില്‍ 20 റണ്‍സ് നേടിയ വെങ്കടേഷ്‌ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് മടങ്ങിയത്.

പിന്നാലെ നിതീഷ് റാണയും തിരിച്ച് കയറിയതോടെ കൊല്‍ക്കത്ത 8.2 ഓവറില്‍ നാലിന് 70 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. 20 പന്തില്‍ 27 റണ്‍സ് നേടിയ റാണയെ രവീന്ദ്ര ജഡേജ റിതുരാജിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ജേസൺ റോയിയും റിങ്കു സിങ്ങും ചേര്‍ന്ന് കൊല്‍ക്കത്തയ്‌ക്ക് പ്രതീക്ഷ നല്‍കി. റോയ്‌ ആയിരുന്നു കൂടുതല്‍ ആക്രമണകാരി. 12-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ 100 കടത്തി. പിന്നാലെ 19 പന്തുകളില്‍ നിന്നും റോയ് അര്‍ധ സെഞ്ച്വറി തികച്ചു.

ജേസൺ റോയി പുറത്ത്: എന്നാല്‍ അധികം വൈകാതെ റോയിയുടെ കുറ്റിയിളക്കിയ മഹീഷ്‌ തീക്ഷണ കൊല്‍ക്കത്തയുടെ പ്രതീക്ഷ മങ്ങിച്ചു. 26 പന്തില്‍ നാല് ഫോറുകളും അഞ്ച് സിക്‌സും സഹിതം 61 റണ്‍സ് നേടിയാണ് റോയ്‌ മടങ്ങിയത്. പിന്നാലെ ക്രീസിലൊന്നിച്ച ആന്ദ്രേ റസലിനെ കൂട്ടുപിടിച്ച് റിങ്കു സിങ് ഒരു വശത്ത് തകർത്തടിച്ചുകൊണ്ടിരുന്നു. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി.

എന്നാൽ ടീം സ്കോർ 162 ൽ നിൽക്കെ റസലിനെയും കൊൽക്കത്തയ്ക്ക് നഷ്ടമായി. ആറ് പന്തിൽ ഒൻപത് റൺസ് മാത്രം നേടിയ താരത്തെ പതിരണയാണ് പുറത്താക്കിയത്. ഇതോടെ കൊൽക്കത്ത തോൽവി ഉറപ്പിച്ചു. പിന്നാലെ കൊൽക്കത്തയുടെ കൂട്ടത്തകർച്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പിന്നാലെയെത്തിയ ഡേവിഡ് വൈസ് (1), ഉമേഷ് യാദവ് (4) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി.

ഇതോടെ ചെന്നൈ 49 റൺസിൻ്റെ കൂറ്റൻ ജയം സ്വന്തമാക്കുകയായിരുന്നു. റിങ്കു സിങ് 33 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാഷ് സിങ്, മൊയിൻ അലി, രവീന്ദ്ര ജഡേജ, മഹീഷ പതിരണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആളിപ്പര്‍ന്ന് കോണ്‍വെ,രഹാനെ, ദുബെ ത്രയം: ചെന്നൈക്ക് ഓപ്പണര്‍മായ റിതുരാജ് ഗെയ്‌ക്‌വാദ് - ഡെവോൺ കോൺവേ സഖ്യം മികച്ച തുടക്കമായിരുന്നു നല്‍കിയത്. 7.3 ഓവര്‍ നീണ്ട ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സാണ് നേടിയത്. റിതുരാജ് ഗെയ്‌ക്‌വാദിനെ (20 പന്തില്‍ 35) ബൗള്‍ഡാക്കിയ സുയാഷ് ശര്‍മയാണ് കൊല്‍ക്കത്തയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നീടെത്തിയ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച കോണ്‍വേ ചെന്നൈയെ മൂന്നോട്ട് നയിച്ചു. 10-ാം ഓവറില്‍ 34 പന്തുകളില്‍ നിന്നും കോണ്‍വേ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ 11-ാം ഓവറില്‍ ടീം 100 കടന്നു. 13-ാം ഓവറിന്‍റെ ആദ്യ പന്തില്‍ കോണ്‍വെ മടങ്ങുമ്പോള്‍ 109 റണ്‍സായിരുന്നു ചെന്നൈയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്. 40 പന്തുകളില്‍ 56 റണ്‍സെടുത്ത കോണ്‍വേയെ വരുണ്‍ ചക്രവര്‍ത്തിയാണ് തിരിച്ചയച്ചത്.

തുടര്‍ന്നെത്തിയ ശിവം ദുബെ തുടക്കം തൊട്ട് ആക്രമിച്ചതോടെ ടീം സ്‌കോര്‍ കുതിച്ചു. ഉമേഷ് യാദവ് എറിഞ്ഞ 14-ാം ഓവറില്‍ രണ്ട് സിക്‌സുകളും രണ്ട് ഫോറുകളും സഹിതം 22 റണ്‍സാണ് ചെന്നൈ താരങ്ങള്‍ അടിച്ചുകൂട്ടിയത്. 15 ഓവറില്‍ ടീം സ്‌കോര്‍ 160 റണ്‍സിലെത്തി. രണ്ട് ഓവറുകള്‍ക്കപ്പുറം 24 പന്തുകളില്‍ നിന്നും രഹാനെ അർധ സെഞ്ച്വറി തികച്ചു. പിന്നാലെ 20 പന്തുകളില്‍ നിന്നും ദുബെയും അർധ സെഞ്ച്വറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ താരം മടങ്ങി.

പിന്നീടെത്തിയ ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന രഹാനെ അടി തുടര്‍ന്നു. 19-ാം ഓവറിന്‍റെ നാലാം പന്തില്‍ ജ‍ഡേജ (8 പന്തില്‍ 18) വീണതോടെ, അവസാന രണ്ട് പന്തുകള്‍ നേരിടാന്‍ ചെന്നൈ നായകന്‍ ധോണിയാണ് ക്രീസിലെത്തിയത്. തുടര്‍ന്ന് ലഭിച്ച ഫ്രീഹിറ്റ് മുതലാക്കാൻ ധോണിക്ക് കഴിഞ്ഞില്ല. രഹാനെയോടൊപ്പം (3 പന്തില്‍ 2) റണ്‍സുമായി ധോണിയും പുറത്താവാതെ നിന്നു.

ALSO READ:ബിസിസിഐയുടെ കണ്ണില്‍ സഞ്‌ജുവില്ല; പന്തിന്‍റെ പകരക്കാരനായി മറ്റ് രണ്ട് താരങ്ങള്‍ പരിഗണനയില്‍

ABOUT THE AUTHOR

...view details