കേരളം

kerala

ETV Bharat / sports

IPL 2023| ഈഡനില്‍ ഗുര്‍ബാസ് ഷോ; ഗുജറാത്തിനെതിരെ കൊല്‍ക്കത്തയ്‌ക്ക് പൊരുതാവുന്ന സ്‌കോര്‍ - rahmanullah gurbaz

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 180 റണ്‍സ് വിജയ ലക്ഷ്യം. അര്‍ധ സെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസ് ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

IPL 2023  KKR vs GT  KKR vs GT score updates  Hardik Pandya  Nitish Rana  ഐപിഎൽ 2023  കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  ഗുജറാത്ത് ടൈറ്റൻസ്  ഹാർദിക് പാണ്ഡ്യ  നിതീഷ് റാണ  rahmanullah gurbaz  റഹ്മാനുള്ള ഗുർബാസ്
IPL 2023| ഈഡനില്‍ ഗുര്‍ബാസ് ഷോ;

By

Published : Apr 29, 2023, 6:32 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സാണ് നേടിയത്. വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്‍റെ പ്രകടനമാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന്‍റെ നട്ടെല്ല്.

മഴയെത്തുടര്‍ന്ന് അല്‍പം വൈകി ആരംഭിച്ച മത്സരത്തില്‍ കൊല്‍ക്കത്തയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സ് എന്ന നിലയിലായിരുന്നു സംഘം. എന്‍ ജഗദീശന്‍ (15 പന്തില്‍ 19), ശാര്‍ദുല്‍ താക്കൂര്‍ (4 പന്തില്‍ 0) എന്നിവരായിരുന്നു വേഗം മടങ്ങിയത്.

മുഹമ്മദ് ഷമിയെറിഞ്ഞ മൂന്നാം ഓവറിന്‍റെ രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയായിരുന്നു ജഗദീശന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ശാര്‍ദുലിനെയും ഷമി തന്നെയാണ് മടക്കിയത്. അഞ്ചാം ഓവറിന്‍റെ അവസാന പന്തില്‍ ഷമിയെ സിക്‌സറിന് പറത്താനുള്ള ശാര്‍ദുലിന്‍റെ ശ്രമം മിഡ് ഓഫില്‍ മോഹിത് ശര്‍മയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ഈ സമയം 47 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് ഒന്നിച്ച റഹ്മാനുള്ള ഗുർബാസ്- വെങ്കടേഷ് അയ്യർ സഖ്യം മൂന്നാം വിക്കറ്റില്‍ 41 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 11-ാം ഓവറിന്‍റെ ആദ്യ പന്തില്‍ വെങ്കടേഷിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ജോഷ്വ ലിറ്റിലാണ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. ഇതിന് മുന്നെ 27 പന്തുകളില്‍ ഗുര്‍ബാസ് അര്‍ധ സെഞ്ചുറി തികച്ചിരുന്നു. അഞ്ചാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ നിതീഷ് റാണയ്‌ക്ക് വെറും മൂന്ന് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.

നാല് റണ്‍സെടുത്ത താരത്തെ രാഹുല്‍ തെവാട്ടിയ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ റിങ്കു സിങ്ങിനൊപ്പം ചേര്‍ന്ന ഗുര്‍ബാസ് ടീമിനെ മുന്നോട്ട് നയിച്ചു. ഗുജറാത്തിന്‍റെ പ്രീമിയം ബോളര്‍ റാഷിദ് ഖാനെയടക്കം ഗുര്‍ബാസ് ആക്രമിക്കുമ്പോള്‍ പതിഞ്ഞ താളത്തിലായിരുന്നു റിങ്കു കളിച്ചത്. 13-ാം ഓവറിലാണ് കൊല്‍ക്കത്ത നൂറ് റണ്‍സ് പിന്നിടുന്നത്.

16-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഗുര്‍ബാസ് മടങ്ങുമ്പോള്‍ 135 റണ്‍സായിരുന്നു കൊല്‍ക്കത്തയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. 39 പന്തില്‍ അഞ്ച് ഫോറുകളും ഏഴ്‌ സിക്‌സും സഹിതം 81 റണ്‍സടിച്ച ഗുര്‍ബാസിനെ നൂര്‍ അഹമ്മദിന്‍റെ പന്തില്‍ ബൗണ്ടറിക്ക് അരികില്‍ വച്ച് റാഷിദ് ഖാനാണ് പിടികൂടിയത്. വൈകാതെ റിങ്കു സിങ്ങിനെയും (20 പന്തില്‍ 19) നൂര്‍ മടക്കി. തുടര്‍ന്നെത്തിയ ആന്ദ്രെ റസ്സല്‍ ആക്രമിച്ചതോടെയാണ് കൊല്‍ക്കത്ത പൊരുതാവുന്ന നിലയിലെത്തിയത്.

19 പന്തില്‍ 34 റണ്‍സെടുത്ത റസ്സലിനെ ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ മുഹമ്മദ് ഷമി മടക്കിയിരുന്നു. ഡേവിഡ് വെയ്‌സ് (6 പന്തില്‍ 8*) പുറത്താവാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ജോഷ്വ ലിറ്റില്‍, നൂര്‍ അഹമ്മദ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകളുണ്ട്.

ALSO READ: പഞ്ചാബ് താരങ്ങള്‍ക്കായി ഉണ്ടാക്കിയത് 120 ആലൂ പറാത്ത; അന്നത്തോടെ ആ പണി നിര്‍ത്തിയെന്ന് പ്രീതി സിന്‍റ, പൊട്ടിച്ചിരിച്ച് ഹര്‍ഭജന്‍

ABOUT THE AUTHOR

...view details