കൊൽക്കത്ത: ഐപിഎല്ലിൽ ആദ്യ ജയം തേടി ഇറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ഈഡൻ ഗാർഡൻസ് വേദിയകുന്ന മത്സരം രാത്രി ഏഴരയ്ക്കാണ് ആരംഭിക്കുന്നത്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തിയാണ് ബാംഗ്ലൂർ രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നത്.
തിരിച്ചുവരാന്‍ കൊല്‍ക്കത്ത: നിതീഷ് റാണയ്ക്ക് കീഴിൽ ആദ്യ മത്സരം കളിക്കാനിറങ്ങിയ കൊൽക്കത്തയ്ക്ക് അവർ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല കിട്ടിയത്. ഇന്ന് ഈഡൻ ഗാർഡൻസിൽ ഇറങ്ങുമ്പോൾ ശക്തമായ തിരിച്ചുവരവാണ് ടീം ലക്ഷ്യം വയ്ക്കുന്നത്. ക്യാപ്റ്റനൊപ്പം ആന്ദ്രെ റസല്‍, മന്ദീപ് സിങ്, റിങ്കു സിങ് എന്നീ താരങ്ങളും ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്താൻ കെൽപ്പുള്ളവരാണ്.
പഞ്ചാബിനെതിരായ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ വെങ്കിട്ടേഷ് അയ്യർ, ആന്ദ്രേ റസൽ എന്നിവരുടെ ബാറ്റിങ്ങും ഇന്ന് ടീമിന് നിർണായകമാണ്. ശർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ് എന്നിവർ വാലറ്റത്ത് വെടിക്കെട്ട് നടത്താൻ കെൽപ്പുള്ളവർ.
കൊല്‍ക്കത്തയുടെ ബൗളിങ് നിരയും ഇന്ന് പരീക്ഷപ്പെട്ടേക്കാം. വേഗത്തെ തുണയ്‌ക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ഉമേഷ് യാദവ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പാണ്. ടിം സൗത്തിക്ക് പകരം ലോക്കി ഫര്‍ഗൂസന്‍ പ്ലെയിങ് ഇലവനിലേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ടിം സൗത്തി പിശുക്ക് കാട്ടിയിരുന്നില്ല. പഞ്ചാബിനെതിരെ നാലോവര്‍ പന്തെറിഞ്ഞ താരം 54 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്. ഈ സാഹചര്യത്തില്‍ ഇന്ന് ബാംഗ്ലൂരിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഒരുപക്ഷെ കൊല്‍ക്കത്ത നിരയില്‍ മാറ്റത്തിനും സാധ്യതയുണ്ട്.
ലക്ഷ്യം രണ്ടാം ജയം:വിരാട് കോഹ്ലി, നായകൻ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ആദ്യമത്സരത്തിൽ ആര്‍സിബിക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇന്ന് ഈഡൻ ഗാർഡനിൽ ഇറങ്ങുമ്പോഴും ഇവരുടെ ബാറ്റിങ്ങിലാണ് ടീം പ്രതീക്ഷിയർപ്പിക്കുന്നത്. ഇവർക്കൊപ്പം ഗ്ലെൻ മാക്സ് വെൽ, ദിനേശ് കാർത്തിക് എന്നീ വമ്പനാടിക്കാരും ടീമിന് കരുത്തതാണ്.
പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന ഈഡനിലെ പിച്ചിൽ ഇംഗ്ലീഷ് പേസർ റീസ് ടോപ്ലിയുടെ അഭാവം ആർസിബിക്ക് തിരിച്ചടിയാണ്. മുംബൈക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ടോപ്ലിക്ക് പകരം ഡേവിഡ് വില്ലി ഇന്ന് ടീമിലേക്ക് എത്തിയേക്കും. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, ആകാശ് ദീപ് എന്നിവരായിരിക്കും ടീമിലെ മറ്റു പേസർമാർ.
കണക്കില്‍ തുല്യശക്തികള്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇതുവരെ 30 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 16 എണ്ണത്തില്‍ കെകെആര്‍ ജയം നേടിയപ്പോള്‍ 14 എണ്ണത്തില്‍ വിജയം സ്വന്തമാക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. കഴിഞ്ഞ സീസണില്‍ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിക്കൊപ്പമായിരുന്നു ജയം.
പോരാട്ടം ലൈവായി കാണാന്‍: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് രാതി ഏഴരയ്‌ക്ക് ആരംഭിക്കുന്ന കെകെആര്‍- ആര്‍സിബി പോരാട്ടം സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയും ജിയോ സിനിമ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവയിലൂടെയും ആരാധകര്‍ക്ക് കാണാന്‍ സാധിക്കും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ്: നിതീഷ് റാണ (ക്യാപ്‌റ്റന്‍), ജേസണ്‍ റോയ്, വെങ്കിടേഷ് അയ്യര്‍, അനുകുല്‍ റോയ്, റിങ്കു സിങ്, ആന്ദ്രെ റസല്‍, എന്‍ ജഗദീശന്‍, സുനില്‍ നരെയ്‌ന്‍, റഹ്മാനുള്ള ഗുർബാസ്, ലിറ്റണ്‍ ദാസ്, മന്ദീപ് സിങ്, ടിം സൗത്തി, വൈഭവ് അറോറ, സുയഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, ശര്‍ദുല്‍ താക്കൂര്‍, കുൽവന്ത് ഖെജ്‌റോലിയ, ഹര്‍ഷിത് റാണ, ഡേവിഡ് വീസ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, വിരാട് കോലി, ഫിന്‍ അലന്‍, അനൂജ് റാവത്ത്, മൈക്കിള്‍ ബ്രേസ്‌വെല്‍, മഹിപാല്‍ ലോംറോര്‍, സുയഷ് പ്രഭുദേശായി, ദിനേശ് കാര്‍ത്തിക്ക്, ഷഹ്‌ബാസ് അഹമ്മദ്, രജത് പടിദാര്‍, വാനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്, ജോഷ് ഹെയ്‌സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, കരണ്‍ ശര്‍മ്മ, ആകാശ് ദീപ്, റീസ് ടോപ്‌ലി, സോനു യാദവ്, അവിനാഷ് സിങ്, ഹിമാന്‍ഷു ശര്‍മ്മ, സിദ്ധാര്‍ഥ് കൗള്‍, രാജൻ കുമാർ, മനോജ് ഭാണ്ഡെ
Also Read: IPL 2023 | കരുത്ത് കൂട്ടി കൊല്‍ക്കത്ത; സ്റ്റാര്‍ ഇംഗ്ലീഷ് ബാറ്റര്‍ക്കായി വീശിയത് കോടികള്‍