കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 49 റണ്‍സിന്‍റെ വമ്പന്‍ വിജയം നേടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കഴിഞ്ഞിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ തട്ടകമായ ഈഡന്‍ഗാര്‍ഡന്‍സിലാണ് മത്സരം നടന്നതെങ്കിലും സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടലായിരുന്നു. മത്സരത്തിന് മുന്നോടിയായി 67,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ഏറെ സീറ്റുകളിലും കൊല്‍ക്കത്ത തങ്ങളുടെ കൊടികള്‍ വച്ചിരുന്നുവെന്നാണ് പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍.
എന്നാൽ ടോസിനുമുമ്പ് കാണികൾ സ്റ്റേഡിയം നിറഞ്ഞപ്പോൾ, അവയെല്ലാം അപ്രത്യക്ഷമാവുകയും ചെന്നൈയുടെ മഞ്ഞ നിറം പടരുകയുമായിരുന്നു. ഈഡനില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അന്തരീക്ഷമാണിത്. ഒരു പക്ഷേ ഐതിഹാസികമായ സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരത്തിനിറങ്ങിയ എംഎസ് ധോണി എന്ന ഇതിഹാസത്തിന് ആരാധകര്‍ നല്‍കിയ സ്‌നേഹമാവാമിതെന്നാണ് വിലയിരുത്തല്‍.
ധോണി തന്‍റെ അവസാന സീസണാണ് കളിക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും ഔദ്യോഗികമായ ഒരു അറിയിപ്പും ഇതേവരെ ഉണ്ടായിട്ടില്ല. എന്നാല്‍ കരിയറിന്‍റെ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ 41-കാരനായ താരം സൂചന നല്‍കിയിരുന്നു. ചെപ്പോക്കില്‍ ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഇതു തന്‍റെ ഐപിഎല്‍ കരിയറിന്‍റെ അവസാനമാണെന്ന തരത്തിലുള്ള പ്രസ്‌താവന ധോണി നടത്തിയത്.
'എന്‍റെ കരിയറിന്‍റെ അവസാനഘട്ടമാണിത്. അതെത്രത്തോളം ആസ്വാദ്യകരമാക്കാന്‍ കഴിയുമോ, അതാണ് പ്രധാനം. ചെന്നൈ ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും നല്‍കി' - എന്നായിരുന്നു ധോണി പറഞ്ഞത്.