മുംബൈ: ഐപിഎല്ലിന്‍റെ 16-ാം സീസണിലും മികച്ച കുതിപ്പാണ് സഞ്‌ജു സാംസണ്‍ എന്ന നായകന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിച്ച രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന താരം ബാറ്റുകൊണ്ടും വിക്കറ്റിനു പിന്നിലും നിര്‍ണായ പ്രകടനം നടത്തിയും ആരാധകരുടെയും വിദഗ്‌ദരുടെയും കയ്യടി വാങ്ങുകയാണ്.
ഇപ്പോഴിതാ 28-കാരനെ ഏറെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇന്ത്യയെ ലോക കിരീടങ്ങളിലേക്ക് നയിച്ച എംഎസ് ധോണിയെപ്പോലെ സ്വന്തം കഴിവില്‍ ഏറെ വിശ്വാസമുള്ള താരമാണ് സഞ്‌ജുവെന്നാണ് ഹര്‍ഭജന്‍ പറഞ്ഞിരിക്കുന്നത്. സ്‌പിന്നർമാരെയും ഫാസ്റ്റ് ബോളർമാരെയും ഒരേപോലെ അനായാസം നേരിടാനുള്ള കഴിവ് സഞ്‌ജുവിനുണ്ട്. സമ്മർദ ഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് താരത്തിന് അറിയാമെന്നുമാണ് ഹര്‍ഭജന്‍റെ വാക്കുകള്‍.
"ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചത് വീണ്ടുമൊരു ക്യാപ്റ്റന്‍റെ ഇന്നിങ്‌സാണ്. താരത്തിന് ഇന്ത്യൻ ദേശീയ ടീമിൽ (വൈറ്റ് ബോൾ ഫോർമാറ്റിൽ) സ്ഥിരമായി അവസരം നല്‍കണമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അവൻ സ്‌പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും ഒരുപോലെ അനായാസമാണ് നേരിടുന്നത്.
സമ്മർദ ഘട്ടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വ്യക്തമായ ധാരണ അവനുണ്ട്. മികച്ച ഇച്ഛാശക്തിയുള്ള ഒരു കളിക്കാരനാണ് സഞ്‌ജു. എംഎസ് ധോണിയെപ്പോലെ തന്നെ അവന് തന്‍റെ കഴിവുകളിൽ വിശ്വാസമുണ്ട്", ഹർഭജൻ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തുടക്കത്തെ തകര്‍ച്ചയ്‌ക്ക് ശേഷം നാടകീയമായി തിരിച്ചെത്തിയ രാജസ്ഥാന്‍ തകര്‍പ്പന്‍ വിജയം പിടിച്ചിരുന്നു. ടീമിന്‍റെ വിജയത്തിന് അടിത്തറ ഒരുക്കിയ ഇന്നിങ്‌സായിരുന്നു സഞ്‌ജു കളിച്ചത്. ഏറെ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ കൂടിയായിരുന്നു സഞ്‌ജുവിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ് പിറന്നത്. സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയോടെയായിരുന്നു താരം തുടങ്ങിയത്.
രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ 42 റണ്‍സും അടിച്ച് കൂട്ടി. എന്നാല്‍ തുടര്‍ന്ന് ഡല്‍ഹി കാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നില്ല. ഇതോടെയായിരുന്നു സഞ്‌ജുവിന് നേരെ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുണ്ടായത്.
ഗുജറാത്തിനെതിരെ 32 പന്തുകളില്‍ നിന്നും 60 റണ്‍സായിരുന്നു സഞ്‌ജു അടിച്ചെടുത്തത്. കാര്യമായ സംഭാവന നല്‍കാതെ ഓപ്പണര്‍മാരടക്കം തിരിച്ച് കയറിയ സമ്മര്‍ദ ഘട്ടത്തിലായിരുന്നു താരം ടീമിന്‍റെ വിജയത്തിന് അടിത്തറ ഒരുക്കിയ പ്രകടനം നടത്തിയത്. മൂന്ന് ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
സിക്‌സുകളില്‍ മൂന്നെണ്ണം ഗുജറാത്തിന്‍റെ പ്രീമിയം ബോളര്‍ റാഷിദ് ഖാന് എതിരെയായിരുന്നു സഞ്‌ജു നേടിയത്. ഐപിഎല്ലില്‍ റാഷിദ് ഖാനെ ഹാട്രിക് സിക്‌സടിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്‌ജു. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് റാഷിദിനെ ഹാട്രിക് സിക്‌സിന് പറത്തിയ ആദ്യ താരം.
ALSO READ:നാലാമത്തെ മാത്രം താരം; ഐപിഎല്ലില്‍ വമ്പന്‍ നാഴികകല്ല് പിന്നിട്ട് രോഹിത് ശര്‍മ