അഹമ്മദാബാദ്:ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 178 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 177 റണ്‍സെടുത്തത്. ഭേദപ്പെട്ട തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചത്.
പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 42 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റായിരുന്നു സംഘത്തിന് ആദ്യ ആറ് ഓവറില്‍ നഷ്‌ടമായത്. ഇന്നിങ്‌സിന്‍റെ മൂന്നാം പന്തില്‍ തന്നെ ട്രെന്‍റ് ബോള്‍ട്ടാണ് സാഹയെ (3 പന്തില്‍ 4) തിരിച്ച് കയറ്റിയത്.
ഏറെ നാടകീയമായിരുന്നു താരത്തിന്‍റെ പുറത്താവല്‍. ബോള്‍ട്ടിനെ അതിര്‍ത്തി കടത്താനുള്ള ഗുജറാത്ത് ഓപ്പണറുടെ ശ്രമത്തില്‍ എഡ്‌ജായ പന്ത് ക്രീസിന് മുകളിലേക്ക് ഉയര്‍ന്നു. ഈ പന്ത് പിടിച്ചെടുക്കാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും മറ്റ് രണ്ട് താരങ്ങളും ഒടിയെത്തി. മൂവരും തമ്മിലുള്ള കൂട്ടിയിടിക്കിടെ പന്ത് സഞ്ജുവിന്‍റെ കൈയ്യില്‍ നിന്നും വഴുതിയെങ്കിലും സമീപത്ത് തന്നെയുണ്ടായിരുന്ന ബോള്‍ട്ട് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.
തുടര്‍ന്ന് അഞ്ചാം ഓവറിന്‍റെ അവസാന പന്തില്‍ റണ്ണൗട്ടായാണ് സായ് സുദര്‍ശന്‍ (19 പന്തില്‍ 20) തിരിച്ച് കയറിയത്. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്‌ടപ്പെടാതെ ടീമിനെ 10 ഓവറില്‍ 88 റണ്‍സ് എന്നനിലയിലെത്തിച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ (19 പന്തില്‍ 28) മടക്കിയ യുസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി.