അഹമ്മദാബാദ്:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. ഗുജറാത്തിൻ്റെ 178 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ നായകൻ സഞ്ജു സാംസണും (60), ഷിമ്രോൺ ഹെറ്റ്‌മെയറും(56) ചേർന്നാണ് രാജസ്ഥാന് തകർപ്പൻ ജയം സമ്മാനിച്ചത്.
ഞെട്ടിക്കുന്ന തുടക്കമായിരുന്നു രാജസ്ഥാന് ലഭിച്ചത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിലാവട്ടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ സംഘത്തിന് നഷ്‌ടമാവുകയും ചെയ്‌തു. ഏഴ് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ ശുഭ്‌മാന്‍ ഗില്ലാണ് പിടികൂടിയത്.
തുടര്‍ന്ന് മൂന്നാം ഓവറിന്‍റെ രണ്ടാം പന്തില്‍ ജോസ് ബട്‌ലറെ മുഹമ്മദ് ഷമി തിരിച്ച് കയറ്റിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. ഈ സമയം വെറും നാല് റണ്‍സ് മാത്രമായിരുന്നു ടീം ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ദേവ്‌ദത്ത് പടിക്കലും ശ്രദ്ധയോടെ കളിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രാജസ്ഥാന്‍ ഇന്നിങ്‌സിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല.
ഇഴഞ്ഞ് നീങ്ങി പവർപ്ലേ: പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 26 റണ്‍സായിരുന്നു രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. ഈ സീസണില്‍ ഇതേവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്‌കോറാണിത്. തുടര്‍ന്ന് ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ ദേവ്‌ദത്തിനെ (25 പന്തില്‍ 26) മടക്കിയ റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. മൂന്നാം വിക്കറ്റില്‍ 43 റണ്‍സാണ് സഞ്‌ജുവും ദേവ്‌ദത്തും ചേര്‍ന്ന് നേടിയത്.
തുടര്‍ന്നെത്തിയ റിയാന്‍ പരാഗിനേയും (7 പന്തില്‍ 5) നിലയുറപ്പിക്കും മുമ്പ് മടക്കിയ റാഷിദ് ഖാന്‍ രാജസ്ഥാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ഈ സമയം 10.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 55 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. തുടര്‍ന്ന് ഷിമ്രോൺ ഹെറ്റ്‌മെയർ കൂട്ടിനെത്തിയതോടെ സഞ്‌ജു പതുക്കെ ഗിയല്‍ മാറ്റി. റാഷിദ് ഖാന്‍ എറിഞ്ഞ 13-ാം ഓവറില്‍ ഹാട്രിക് സിക്‌സറുകളാണ് താരം പറത്തിയത്.
തൊട്ടടുത്ത ഓവറില്‍ അല്‍സാരി ജോസഫിനെതിരെ ഹെറ്റ്‌മയര്‍ നേടിയ ഒരു സിക്‌സു ഫോറും സഹിതം 16 റണ്‍സ് കണ്ടെത്തിയതോടെ രാജസ്ഥാന്‍ 100 കടന്നു. പിന്നാലെ 29 പന്തുകളില്‍ നിന്നും സഞ്‌ജു അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 15-ാം ഓവറിന്‍റെ അവസാന പന്തില്‍ സഞ്‌ജുവിനെ മടക്കിയ നൂര്‍ അഹമ്മദ് ഗുജറാത്തിന് ആശ്വാസം നല്‍കി. 32 പന്തില്‍ 60 റണ്‍സ് അടിച്ച് കൂട്ടിയാണ് രാജസ്ഥാന്‍ നായകന്‍ മടങ്ങിയത്. മൂന്ന് ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്.
തുടർന്ന് ക്രീസിലെത്തിയ ധ്രുവ് ജുറെലും, ഹെറ്റ്‌മെയറും ചേർന്ന് രാജസ്ഥാൻ്റെ സ്കോർ ബോർഡിൻ്റെ വേഗത കൂട്ടി. എന്നാൽ ടീം സ്കോർ 161ൽ നിൽക്കെ ജുറെൽ (18) പുറത്തായി. തുടർന്ന് ക്രീസിലെത്തിയ രവിചന്ദ്രൻ അശ്വിൻ ആദ്യ രണ്ട് ബോളിൽ ഫോറും, സിക്സും നേടി ടീമിനെ വിജയത്തിനരികിലെത്തിച്ചു. എന്നാൽ 18-ാം ഓവറിൻ്റെ അവസാന പന്തിൽ അശ്വിനും (10) പുറത്തായി.