മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സിന് ബാറ്റിങ്. ടോസ് നേടി ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. പഞ്ചാബ് നിരയിൽ നഥാൻ എല്ലിസിന് പകരം സൂപ്പർ ബോളർ കാഗിസോ റബാഡയും സിക്കന്ദർ റാസയ്‌ക്ക് പകരം ഭാനുക രാജപക്‌സെയും ടീമിലെത്തി.
ഗുജറാത്തിൽ നായകൻ ഹാർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി. പകരം വിജയ് ശങ്കറെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. അഭിനവ് മനോഹറിന് പകരം അൽസാരി ജോസഫും യാഷ് ദയാലിന് പകരം ജോഷ്വാ ലിറ്റിലും ടീമിൽ ഇടം നേടിയിട്ടുണ്ട്. 16-ാം സീസണിൽ തങ്ങളുടെ നാലാം മത്സരത്തിനാണ് ഗുജറാത്തും പഞ്ചാബും ഇന്ന് കളത്തിലിറങ്ങുന്നത്. ഇരു ടീമുകളും രണ്ട് മത്സരത്തിൽ വിജയിച്ചപ്പോൾ ഒരു മത്സരത്തിൽ തോൽവിയും വഴങ്ങിയിരുന്നു.
ധവാന്‍റെ ഒറ്റയാൾ പോരാട്ടം: മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച പ്രകടനമാണ് പഞ്ചാബ് കിങ്സ് കാഴ്‌ചവയ്‌ക്കുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഏഴ് റണ്‍സിന് തോല്‍പ്പിച്ച പഞ്ചാബ് രണ്ടാം മത്സരത്തിൽ കരുത്തരായ രാജസ്ഥാനെതിരെയും വിജയം നേടിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സീസണിലെ ആദ്യ തോൽവി പഞ്ചാബ് ഏറ്റുവാങ്ങിയത്.
തകർപ്പൻ ഫോമിൽ ബാറ്റ് വീശുന്ന നായകൻ ശിഖർ ധവാൻ തന്നെയാണ് പഞ്ചാബിന്‍റെ കരുത്ത്. എന്നാൽ ശിഖർ ധവാന്‍റെ ഒറ്റയാൾ പോരാട്ടത്തിൽ പഞ്ചാബ് ഒതുങ്ങുന്നു എന്നതാണ് ടീമിന്‍റെ പ്രധാന പോരായ്‌മ. മധ്യനിര അവസരത്തിനൊത്ത് ഉയരാത്തത് ടീമിന് വലിയ തലവേദന സൃഷ്‌ടിക്കുന്നുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദ ടീമിലെത്തിയതും പഞ്ചാബിന് കരുത്തേകും.