അഹമ്മദാബാദ്:ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 55 റൺസിൻ്റെ കൂറ്റൻ ജയം. ഗുജറാത്തിൻ്റെ 208 റൺസ് പിന്തുടർന്നിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 152 റൺസേ നേടാനായുള്ളു. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്കായി മധ്യനിരയിൽ നെഹാൽ വധേര (21 പന്തിൽ 40) മാത്രമാണ് പൊരുതി നിന്നത്.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയുടെ തുടക്കം തന്നെ പാളിയിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. രണ്ടാം ഓവറിന്‍റെ അവസാന പന്തില്‍ അപകടകാരിയായ രോഹിത്തിനെ മടക്കിയ ഹാര്‍ദിക് മുംബൈക്ക് ആദ്യ പ്രഹരം മനല്‍കി. 8 പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ രോഹിത്തിനെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ഹാര്‍ദിക് മടക്കിയത്.
രണ്ടാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഇഷാന്‍ കിഷനും കാമറൂണ്‍ ഗ്രീനും താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ വെറും 29 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് റാഷിദ് ഖാന്‍ എറിഞ്ഞ എട്ടാം ഓവറില്‍ ഇഷാന്‍ കിഷനും (21 പന്തില്‍ 13), പിന്നാലെ തിലക് വര്‍മ്മയും (3 പന്തില്‍ 2) മടങ്ങിയതോടെ മുംബൈ കൂടുതല്‍ പ്രതിരോധത്തിലായി. ഇഷാനെ ജോഷ്വ ലിറ്റില്‍ പിടികൂടിയപ്പോള്‍ തിലക് വര്‍മ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
തുടര്‍ന്ന് ക്രീസിലൊന്നിച്ച സൂര്യകുമാര്‍ യാദവ്-കാമറൂണ്‍ ഗ്രീന്‍ സഖ്യത്തില്‍ മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 11-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഗ്രീനിനെ (26 പന്തില്‍ 33) ബൗള്‍ഡാക്കിയ നൂര്‍ അഹമ്മദ് മുംബൈക്ക് കനത്ത പ്രഹരം നല്‍കി. തുടര്‍ന്നെത്തിയ വമ്പനടിക്കാരന്‍ ടിം ഡേവിഡിന് രണ്ട് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന താരത്തെ അഭിനവ് മനോഹര്‍ പിടികൂടുകയായിരുന്നു. ഇതോടെ മുംബൈ 10.4 ഓവറില്‍ 59/5 എന്ന നിലയിലേക്ക് തകര്‍ന്നു.
തുടര്‍ന്നെത്തിയ നെഹാൽ വധേരയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച സൂര്യയ്‌ക്കും പിടിച്ച് നില്‍ക്കാനായില്ല. 12 പന്തുകളില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 23 റണ്‍സെടുത്ത സൂര്യയെ നൂര്‍ അഹമ്മദ് സ്വന്തം പന്തില്‍ പിടികൂടികയായിരുന്നു. 90 റണ്‍സ് മാത്രമായിരുന്നു ഈ സമയം ടീം ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടർന്ന് ക്രീസിലെത്തിയ പിയൂഷ് ചൗളയെ കൂട്ടുപിടിച്ച് നെഹാൽ വധേര രക്ഷാ പ്രവർത്തനം നടത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. 17-ാം ഓവറിൽ ടീം സ്കോർ 135ൽ വെച്ചാണ് ഗുജറാത്തിന് ഈ കൂട്ടുകെട്ട് പൊളിക്കാനായത്.
12 പന്തിൽ 18 റൺസെടുത്ത ചൗള റൺഔട്ട് ആവുകയായിരുന്നു. അതേ ഓവറിൻ്റെ നാലാം പന്തിൽ വധേരയേയും (21 പന്തിൽ 40) പുറത്താക്കി ഗുജറാത്ത് വിജയം ഉറപ്പിച്ചു. പിന്നാലെ 19-ാം ഓവറിൻ്റെ അവസാന പന്തിൽ അർജുൻ ടെൻഡുൽക്കറും (13) പുറത്തായി. ജേസൺ ബെഹ്റൻഡോർഫ് (3), റിലേ മെറിഡിത്ത് (0) എന്നിവർ പുറത്താകാതെ നിന്നു. ഗുജറാത്തിനായി നൂർ അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ റാഷിദ് ഖാൻ, മോഹിത് ശർമ എന്നിവർ രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.
ഗുജറാത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 207 റണ്‍സ് നേടിയത്. ഐപിഎല്ലില്‍ ഇതേവരെയുള്ളതില്‍ ഗുജറാത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. അര്‍ധ സെഞ്ചുറിയുമായി ശുഭ്‌മാന്‍ ഗില്‍ അടിത്തറയൊരുക്കിയപ്പോൾ തുടന്ന് കത്തിക്കയറിയ ഡേവിഡ് മില്ലറും അഭിനവ് മനോഹറുമാണ് ഗുജറാത്തിനെ മികച്ച നിലയില്‍ എത്തിച്ചത്.