ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്ലേ ഓഫ് പോരാട്ടത്തിലുള്ള ക്വാളിഫയര്‍ മത്സരത്തിൽ പവര്‍ പ്ലേ പതിയെത്തുടങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റുകള്‍ വീഴാതെ 49 റണ്‍സ് മാത്രമാണ് ചെന്നൈ ഓപ്പണര്‍മാര്‍ സ്‌കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ഇതിനിടെ രണ്ടാമത്തെ ഓവറില്‍ ദര്‍ശന്‍ നൽകണ്ഡെ ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും, അമ്പയര്‍ നോ ബോള്‍ വിളിച്ചതോടെ ചെന്നൈയ്‌ക്ക് ആശ്വാസം നീട്ടിക്കിട്ടി.
ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായാണ് ഗുജറാത്ത് ടൈറ്റൻസ് എത്തുന്നത്. ഗുജറാത്ത് നിരയിൽ യാഷ് ദുള്ളിന് പകരം ദർശൻ നൽകണ്ഡെ ഇടം നേടി.
ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിൽ പ്രവേശിക്കാനാകും എന്നതിനാൽ തന്നെ വിജയത്തോടെ ഫൈനൽ ഉറപ്പിക്കാനാകും ഇരു ടീമുകളുടേയും ശ്രമം. തോൽക്കുന്ന ടീമിന് എലിമിനേറ്ററിലെ വിജയികളെ നേരിടാനുള്ള അവസരം ലഭിക്കുമെങ്കിൽ പോലും ഇന്ന് വിജയത്തോടെ ഫൈനൽ ടിക്കറ്റ് നേടി സുരക്ഷിതരാകാനാകും ഇരു കൂട്ടരും ശ്രമിക്കുക.
പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ എത്തിയത്. 10 കളികളിൽ 10 വിജയം ഉൾപ്പടെ 20 പോയിന്‍റാണ് ഗുജറാത്ത് സീസണിൽ നേടിയത്. മറുവശത്ത് 14 മത്സരങ്ങളിൽ നിന്ന് എട്ട് ജയം ഉൾപ്പടെ 17 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈയുടെ വരവ്.
ഇരു ടീമുകളും തമ്മിൽ നേർക്കുനേർ വരുന്ന നാലാമത്തെ മത്സരമാണ്. ഈ സീസണിൽ ഉൾപ്പടെ നേരിട്ട് ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും വിജയം ഗുജറാത്തിനൊപ്പമായിരുന്നു. ഈയൊരു മുൻതൂക്കത്തോടെയാണ് ഗുജറാത്ത് ഇന്ന് ചെന്നൈയെ നേരിടാനെത്തുന്നത്. മറുവശത്ത് ഗുജറാത്തിനെ പരാജയപ്പെടുത്താൻ കഴിയാത്ത ടീം എന്ന നാണക്കേട് ഒഴിവാക്കാനാകും ചെന്നൈയുടെ ശ്രമം.