അഹമ്മദാബാദ് :ഐപിഎല്‍ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ വര്‍ഷം എവിടെ അവസാനിപ്പിച്ചോ അവിടുന്നായിരുന്നു ഇക്കുറി ഹാര്‍ദിക് പാണ്ഡ്യയും സംഘവും യാത്ര തുടങ്ങിയത്. ലീഗ് ഘട്ടത്തില്‍ എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ അവര്‍ക്കായിരുന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ഇക്കുറി ഗുജറാത്തിനായി. താരങ്ങളെല്ലാം ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനം കാഴ്‌ചവച്ച് മുന്നേറാന്‍ ഗുജറാത്തിനായി. ലീഗ് സ്റ്റേജില്‍ 10 ജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
ഈ സീസണിലെ ലീഗ് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ടീമും ഗുജറാത്താണ്. ആദ്യം തന്നെ പ്ലേഓഫ് യോഗ്യത ഉറപ്പിക്കാനും അവര്‍ക്കായി. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു പ്ലേഓഫിലേക്ക് ഇവരുടെ മുന്നേറ്റം.
പതിയെ ഒന്നാം സ്ഥാനം പിടിച്ച ഗുജറാത്ത് :സീസണിന്‍റെ തുടക്കം മുതല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിനായിരുന്നു. സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്താണ് ഹാര്‍ദിക്കും സംഘവും തങ്ങളുടെ യാത്ര തുടങ്ങിയത്. അഹമ്മദാബാദില്‍ നടന്ന ആ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഗുജറാത്ത് ജയിച്ചത്.
പിന്നാലെ നടന്ന ആദ്യ എവേ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും വീഴ്‌ത്താന്‍ അവര്‍ക്കായി. മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ടീം നാലാം മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്തു. പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്ന് വിക്കറ്റിന് അവര്‍ക്ക് തോല്‍ക്കേണ്ടി വന്നിരുന്നു.
ആ തോല്‍വിക്ക് ശേഷമായിരുന്നു ഹാര്‍ദിക്കിന്‍റെയും കൂട്ടരുടെയും കുതിപ്പ്. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലും ജയം പിടിക്കാന്‍ ഗുജറാത്തിനായി. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ ഏഴ് റണ്‍സിന് തകര്‍ത്ത ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ 55 റണ്‍സിന്‍റെ ജയമാണ് സ്വന്തമാക്കിയത്.