അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാവാന്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് കഴിഞ്ഞിരുന്നു. നിര്‍ണായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മിന്നും വിജയത്തോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് മുന്നേറ്റമുറപ്പിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സ്വന്തം തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 34 റണ്‍സിനായിരുന്നു ഗുജറാത്ത് വിജയം പിടിച്ചത്.
ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറി പ്രകടനമാണ് ടീമിന്‍റെ വിജയത്തില്‍ ഏറെ നിര്‍ണായകമായത്. മത്സരത്തില്‍ 58 പന്തിൽ 101 റൺസായിരുന്നു ശുഭ്‌മാൻ ഗില്‍ നേടിയത്. 13 ബൗണ്ടറികളും ഒരു സിക്‌സും സഹിതമാണ് 23-കാരന്‍റെ പ്രകടനം. ഐപിഎല്ലില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ആദ്യ സെഞ്ചുറിയാണിത്.
ഐപിഎല്ലിലെ സെഞ്ചുറിക്ക് മുന്നെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റിലും താരം മൂന്നക്കം കടന്നിരുന്നു. ഇതോടെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കാനും ഗുജറാത്ത് ഓപ്പണറായ ഗില്ലിന് കഴിഞ്ഞു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്‌ട്ര ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റിലും ഐപിഎല്ലിലും സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ശുഭ്‌മാന്‍ ഗില്‍.
ഈ വര്‍ഷം തുടക്കം മുതല്‍ക്കുള്ള തന്‍റെ മിന്നും ഫോം ഐപിഎല്ലിലേക്കും പകര്‍ത്തുകയാണ് ശുഭ്‌മാന്‍ ഗില്‍. ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ പേരു ചേർത്തുകൊണ്ടാണ് ശുഭ്‌മാൻ ഈ വര്‍ഷം ആരംഭിച്ചത്. ന്യൂസിലൻഡിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തില്‍ 149 പന്തിൽ 208 റൺസായിരുന്നു താരം നേടിയത്. തുടര്‍ന്ന് ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും താരം ഫോര്‍മാറ്റിലെയും കന്നി സെഞ്ചുറി കുറിച്ചു.
അഹമ്മദാബാദിൽ 99 പന്തിൽ 126* റൺസായിരുന്നു താരം അടിച്ച് കൂട്ടിയത്. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്‍റെ പ്രകടനം. തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയില്‍ അഹമ്മദാബാദില്‍ തന്നെയായിരുന്നു ഗില്‍ ടെസ്റ്റിലും മൂന്നക്കം കടന്നത്. അന്ന് 128 റൺസായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം.
നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും ഗില്‍ മുന്നില്‍ തന്നെയുണ്ട്. 13 മത്സരങ്ങളിൽ നിന്നും 576 റണ്‍സാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 48.00 ശരാശരിയിലും 146.19 സ്‌ട്രൈക്ക് റേറ്റിലുമാണ് ഗില്ലിന്‍റെ റണ്‍വേട്ട. ഇതോടെ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് 23-കാരന്‍.
അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 188 റണ്‍സായിരുന്നു നേടിയിരുന്നത്. ഗില്ലിന് പുറമെ സായ് സുദര്‍ശനും (36 പന്തില്‍ 47) തിളങ്ങി. രണ്ടാം വിക്കറ്റില്‍ ഗില്ലും സുദര്‍ശനും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.
ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. എന്നാല്‍ 189 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. അര്‍ധ സെഞ്ചുറി നേടിയ ഹെൻറിച്ച് ക്ലാസനാണ് ഹൈദരാബാദിന്‍റെ തോല്‍വി ഭാരം കുറച്ചത്. ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവര്‍ നാല് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
ALSO READ: IPL 2023 | 'രണ്ട് റണ്‍സും നാല് വിക്കറ്റും' ; ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ന്നടിഞ്ഞ ഭുവനേശ്വര്‍ കുമാറിന്‍റെ അവസാന ഓവര്‍ : വീഡിയോ