അഹമ്മദാബാദ്: ഐപിഎൽ 2023-ൽ തുടർച്ചയായ മൂന്നാം ജയം തേടി ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങും. റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരെ വമ്പൻ ജയം നേടിയെത്തുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഹാർദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും എതിരാളികൾ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം 3.30നാണ് മത്സരം ആരംഭിക്കുന്നത്.
തുടക്കം മിന്നിച്ച് ചാമ്പ്യന്മാര്‍:നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്, സീസൺ മികച്ച രീതിയിലാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈയെയും രണ്ടാം മത്സരത്തിൽ ഡൽഹിയെയും വീഴ്ത്താൻ അവർക്കായി. രണ്ട് മത്സരങ്ങളും രണ്ടാമത് ബാറ്റ് ചെയ്‌താണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്.
ഇത് അവരുടെ ബാറ്റിങ് കരുത്ത് എത്രത്തോളമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്. ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ എന്നീ യുവ ഇന്ത്യൻ താരങ്ങൾ മികച്ച ഫോമിലാണ്. നായകൻ ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ തുടങ്ങി മത്സരം ഒറ്റയ്ക്ക് തങ്ങളുടെ വരുതിയിലാക്കാൻ കഴിവുള്ള താരങ്ങളും അവർക്കൊപ്പമുണ്ട്.
രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നിവരുടെ ഓൾറൗണ്ട് മികവും ടീമിന് കരുത്താണ്. മുഹമ്മദ് ഷമി നേതൃത്വം നൽകുന്ന പേസ് നിരയിൽ അയർലൻഡ് താരം ജോഷുവ ലിറ്റിലും വിൻഡീസ് താരം അൽസാരി ജോസഫും മികച്ച രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്. ഇവരുടെ ബൗളിങ് താളം കണ്ടെത്താൻ വിഷമിക്കുന്ന കൊൽക്കത്തയുടെ മുൻ നിരയ്ക്ക് ഇന്നത്തെ മത്സരത്തില്‍ കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
ജയം തുടരാന്‍ കൊല്‍ക്കത്ത: ആദ്യ മത്സരം പരാജയപ്പെട്ട കെകെആർ രണ്ടാം മത്സരത്തിൽ ആർസിബിയെ 81 റൺസിന് വീഴ്ത്തി ടൂർണമെന്‍റിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ശർദുൽ താക്കൂറിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങും സ്‌പിന്നർമാരായ വരുൺ ചക്രവർത്തി, സുയഷ് ശർമ, സുനിൽ നരെയ്‌ന്‍ എന്നിവരുടെ തകർപ്പൻ പ്രകടനവുമായിരുന്നു രണ്ടാം മത്സരത്തിൽ കൊല്‍ക്കത്തയ്‌ക്ക് ജയം സമ്മാനിച്ചച്ചത്. ഇന്ന് ഗുജറാത്തിനെ അവരുട തട്ടകത്തിൽ നേരിടാൻ ഇറങ്ങുമ്പോഴും ഇതേ പ്രകടനം തന്നെയാകും സഹതാരങ്ങളില്‍ നിന്നും നായകൻ നിതീഷ് റാണ പ്രതീക്ഷിക്കുന്നത്.