അഹമ്മദാബാദ്:ആവേശം വാനോളമുയരുന്ന ഐപിഎല്‍ കിരീടത്തിലേക്കുള്ള ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടോസ് നേടിയതോടെ തന്നെ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനല്‍ പോരാട്ടം മഴ കളിച്ചതോടെ റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
ബാറ്റര്‍മാരില്‍ പ്രതീക്ഷ വച്ച്:സീസണിലെ അവസാന മത്സരങ്ങളില്‍ ബോളിങ് നിരയുടെ മികച്ച പ്രകടനം കണ്ടിരുന്നുവെങ്കിലും താരതമ്യേന മൂര്‍ച്ച കുറവുള്ള ബോളര്‍മാരില്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടുപോകുന്നില്ലെന്ന് വ്യക്തമാക്കുന്നത് തന്നെയായിരുന്നു ചെന്നൈയുടെ തീരുമാനം. സീസണിലുടനീളം വിശ്വാസം നിലനിര്‍ത്തിയ ബാറ്റിങ് നിരയിലെ വിശ്വാസം നായകനെ ചേസിങ് തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ മത്സരത്തിലിറങ്ങിയ വിന്നിങ് ഇലവനെ മാറ്റങ്ങളില്ലാതെ ഇത്തവണയും തിരിച്ചിറക്കുകയാണ് നാല് തവണ കിരീട ജേതാക്കളായ ചെന്നൈ.
സമാനമായി ഗുജറാത്ത് നിരയിലും മാറ്റങ്ങളൊന്നും തന്നെയില്ല. കഴിഞ്ഞ മത്സരത്തില്‍ മുംബൈയെ കൂറ്റന്‍ സ്‌കോറിന് മടക്കിയയച്ച വിജയ ടീമിനെ നിലനിര്‍ത്തിയാണ് ഗുജറാത്തും മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ മഴ ഭയം നിലവിലും പൂര്‍ണമായി ഒഴിവാകാത്തതിനാലാണ് തങ്ങള്‍ ആദ്യമായി ബോള്‍ ചെയ്യുന്നതെന്നായിരുന്നു ടോസിന് ശേഷം ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ പ്രതികരണം.
മനസുതുറന്ന് നായകര്‍: ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ എല്ലാ സമയത്തും കളിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ മഴ മൂലം കാണികളാണ് ബുദ്ധിമുട്ടിയത്. അതുകൊണ്ടുതന്നെ അവരെ ത്രസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ധോണി പറഞ്ഞു. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ബൗള്‍ ചെയ്യുമായിരുന്നു. എന്നാല്‍ എന്‍റെ ഹൃദയം എപ്പോഴും ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ടോസ് നഷ്‌ടപ്പെട്ടതില്‍ പ്രശ്‌നമില്ലെന്നും ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും മനസുതുറന്നു.
മഴ ചതിച്ചില്ല:കാര്‍മേഘങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും അത് മത്സരത്തെ തടസപ്പെടുത്താന്‍ സാധ്യതയില്ലെന്നായിരുന്നു മത്സരത്തിന് മുമ്പ് ലഭ്യമായ വിവരങ്ങള്‍. മത്സരസമയത്ത് ചെറിയ ഇടിമിന്നലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരത്തിനായുള്ള ആരാധക ചൂടില്‍ മഴ മാറി നിന്നതായി വേണം കരുതാന്‍. അതേസമയം ഇന്നും മത്സരം നടത്താന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളായി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ് ഇലവൻ):വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തെവാടിയ, റാഷിദ് ഖാൻ, മോഹിത് ശർമ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി
ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിങ് ഇലവൻ):റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്‌റ്റന്‍), ദീപക് ചാഹർ, മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ, മഹീഷ് തീക്ഷണ.