ഐപിഎൽ 16-ാം സീസണിന്‍റെ കലാശപ്പോരാട്ടം നാളെ. മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടർച്ചയായ രണ്ടാം കിരീടം എന്ന ലക്ഷ്യവുമായി ഗുജറാത്ത് എത്തുമ്പോൾ അഞ്ചാം ഐപിഎൽ കിരീടം എന്ന നേട്ടത്തിനായാണ് ചെന്നൈയുടെ വരവ്.
കളിച്ച രണ്ട് സീസണുകളിലും ഫൈനലിലെത്തി എന്ന അപൂർവ നേട്ടത്തോടെയാണ് ഗുജറാത്ത് നാളെ സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുന്നത്. നിലവിൽ മുംബൈക്കും ചെന്നൈക്കും ശേഷം തുടർച്ചയായി രണ്ട് ഫൈനലുകൾ കളിക്കുന്ന ടീം എന്ന നേട്ടം ഗുജറാത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ഇനി തുടർച്ചയായി രണ്ട് കിരീടം എന്ന മുംബൈയുടെ റെക്കോഡിനൊപ്പമെത്താനാകും ഗുജറാത്തിന്‍റെ ശ്രമം.
മറുവശത്ത് അഞ്ചാം കിരീടം എന്നത് തന്നെയാണ് ചെന്നൈയുടെ ടാർഗറ്റ്. ഇതിനകം തന്നെ 10 തവണ ഐപിഎൽ ഫൈനലിൽ എത്തുന്ന ടീം എന്ന അപൂർവ നേട്ടം ചെന്നൈ സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം ചെന്നൈയുടെ നായകനായി ധോണിയുടെ അവസാന ഐപിഎൽ എന്ന അഭ്യൂഹങ്ങൾ ശക്‌തമായതിനാൽ തന്നെ കിരീട നേട്ടത്തോടെ ചെന്നൈയുടെ ഇതിഹാസ നായകന് യാത്രയയപ്പ് നൽകുക എന്നതാകും ടീമിന്‍റെ ലക്ഷ്യം.
ലീഗ് മത്സരങ്ങളിൽ രണ്ടിലും ചെന്നൈക്കെതിരെ ഗുജറാത്ത് വിജയം നേടിയിരുന്നു. എന്നാൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ അടിയറവ് പറയിച്ചാണ് ചെന്നൈ ഫൈനൽ ടിക്കറ്റെടുത്തത്. ഇതിന് ഫൈനലിൽ വിജയത്തോടെ മറുപടി നൽകി മധുര പ്രതികാരം വീട്ടുക എന്ന അവസരമാണ് ഗുജറാത്തിനെ കാത്തിരിക്കുന്നത്.
ചെന്നൈക്കും ഗുജറാത്തിനും ഹോം ഗ്രൗണ്ട്: അതേസമയം സ്വന്തം തട്ടകത്ത് കളിക്കുന്നു എന്ന ആനുകൂല്യം ഗുജറാത്തിന് ഇത്തവണ ലഭിക്കില്ലെന്ന് നിസംശയം തന്നെ പറയാൻ സാധിക്കും. ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി തന്നെയാണ് ഇതിന് പ്രധാന കാരണം. ഈ സീസണിൽ ചെന്നൈയുടെ എവേ മത്സരങ്ങളിലെല്ലാം ഹോം ടീമിന് ലഭിക്കുന്നതിനെക്കാൾ പിന്തുണയാണ് ചെന്നൈക്കും ധോണിക്കും ലഭിച്ചിട്ടുള്ളത്.
എതിർ ടീമിന്‍റെ പല നായകൻമാരും താരങ്ങളും തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ധോണിക്ക് ലഭിക്കുന്ന ഈ പിന്തുണയെക്കുറിച്ച് പലതവണ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. നാളെത്തെ മത്സരത്തിലും ധോണിയുടെ ആരാധകരാൽ നരേന്ദ്ര മോദി സ്റ്റേഡിയം മഞ്ഞക്കടലായി മാറുമെന്നത് തീർച്ചയാണ്.