ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകരെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഭേദപ്പെട്ട സ്‌കോറില്‍ കളി അവസാനിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗവിനെതിരെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സ് ഉയര്‍ത്താന്‍ മാത്രമേ മുംബൈയ്‌ക്കായുള്ളൂ. ആദ്യ ഓവറുകളില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച മത്സരം മുന്നേറ്റ നിരയ്‌ക്ക് താളം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആശ്വാസ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.
ടോസ് നേടിയയുടന്‍ തന്നെ പതിവിന് വിപരീതമായി ചേസിങ്ങിന് പകരം നേരിട്ട് ബാറ്റിങ്ങിന് തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. മികച്ച സ്‌കോര്‍ കണ്ടെത്തി ലഖ്‌നൗവിനെ ബൗളിങ്ങില്‍ വരിഞ്ഞുകെട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിലൂടെ രോഹിത് പറഞ്ഞുവച്ചു. ഇത് ക്രീസില്‍ നടപ്പിലാക്കുന്നതിനായി മുംബൈ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നേരിട്ടെത്തി.
മുന്നേറ്റം വീണു, പിന്നാലെ സ്‌കോറും : പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് തന്നെയായിരുന്നു മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ നിന്നുണ്ടായത്. എന്നാല്‍ നാലാമത്തെ ഓവറിലെ രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ മടങ്ങി. യാഷ് താക്കൂറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളസ് പുരാന് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്‍റെ മടക്കം. നിര്‍ണായക മത്സരത്തില്‍ ഓരോ സിക്‌സും ബൗണ്ടറിയുമുള്‍പ്പടെ 10 പന്തില്‍ 11 റണ്‍സ് മാത്രമേ രോഹിത്തിന് ടീമിനായി സംഭാവന ചെയ്യാനായുള്ളൂ. തൊട്ടുപിന്നാലെ അഞ്ചാമത്തെ ഓവറില്‍ ഇഷാന്‍ കിഷനും തിരികെ കയറി. മൂന്ന് ബൗണ്ടറികളുമായി 15 റണ്‍സ് മാത്രമായിരുന്നു മുംബൈയുടെ പോക്കറ്റ് ഡൈനാമോയ്‌ക്ക് ടീം സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്.
തൊട്ടുപിന്നാലെയെത്തിയ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും മുംബൈ പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിച്ചു. ഇരുവരില്‍ ഒരാളായെങ്കില്‍ വേഗത്തില്‍ മടക്കി താത്കാലിക തലവേദനയകറ്റാന്‍ ലഖ്‌നൗവും പരിശ്രമിച്ചു. അങ്ങനെ 11 ഓവറില്‍ നവീനുള്‍ ഹഖിന്‍റെ പന്തില്‍ സൂര്യകുമാര്‍ യാദവ് മടങ്ങി. 20 പന്തില്‍ രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളുമായി 33 റണ്‍സുമായി നില്‍ക്കെ കൃഷ്‌ണപ്പ ഗൗതമിന്‍റെ ക്യാച്ചിലാണ് സൂര്യകുമാര്‍ വീണത്. രണ്ട് പന്തുകള്‍ക്കിപ്പുറം കാമറൂണ്‍ ഗ്രീനും കൂടാരം കയറി. 23 പന്തില്‍ സിക്‌സറും നാല് ബൗണ്ടറികളുമായി 41 റണ്‍സായിരുന്നു കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പ്പിയുടെ നേട്ടം.
ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ :പിറകെ എത്തിയ തിലക് വര്‍മ- ടിം ഡേവിഡ് കൂട്ടുകെട്ട് മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന പ്രതീതി നല്‍കിയെങ്കിലും ഈ പ്രതീക്ഷയും അധികനേരം നീണ്ടില്ല. ടിം ഡേവിഡ്(13), തിലക് വര്‍മ (26) എന്നിവരും തിരിച്ചുകയറി. സ്‌കോര്‍കാര്‍ഡില്‍ ആശങ്ക നേരിട്ട മുംബൈ ഈസമയം സൂര്യകുമാറിനെ പിന്‍വലിച്ച് നെഹാൽ വാധേരയെ ക്രീസിലെത്തിച്ചു. അവസാന ഓവറുകളില്‍ കൂറ്റനടികളിലേക്ക് നീങ്ങി വധേര മുംബൈ ഇന്നിങ്‌സിന് പുനര്‍ജീവന്‍ നല്‍കിയെങ്കിലും ഒടുക്കം യാഷ് താക്കൂര്‍ വധേരയെ മടക്കി. ഏഴ് പന്തില്‍ നാല് റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ക്രിസ് ജോര്‍ദാനും നേരിട്ട ഒരു പന്തില്‍ റണ്‍സ് കണ്ടെത്താനാവാതെ നിന്ന ഹൃത്വിക് ഷോക്കീനുമാണ് മുംബൈയുടെ മറ്റ് ബാറ്റര്‍മാര്‍. അതേസമയം ലഖ്‌നൗവിനായി നവീനുല്‍ ഹഖ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. മൂന്ന് വിക്കറ്റുകള്‍ നേടിയ യാഷ് താക്കൂറും ഒരു വിക്കറ്റ് നേടിയ മൊഹ്‌സിന്‍ ഖാനുമാണ് ലഖ്‌നൗവിന്‍റെ മറ്റ് ബോളര്‍മാര്‍.