ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 198 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 197 റണ്‍സ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മ, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് തുണയായത്.
ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 62 എന്ന നിലയിലായിരുന്നു. ഓപ്പണര്‍ അഭിഷേക് വര്‍മ ഒരറ്റത്ത് റണ്‍സ് നേടുമ്പോള്‍ മായങ്ക് അഗര്‍വാള്‍ (6 പന്തില്‍ 5), രാഹുല്‍ ത്രിപാഠി (6 പന്തില്‍ 10) എന്നിവരാണ് നിലയുറപ്പിക്കാന്‍ കഴിയാതെ മടങ്ങിയത്. മൂന്നാം ഓവറിന്‍റെ മൂന്നാം പന്തില്‍ മായങ്കിനെ ഇഷാന്ത് ശര്‍മ ഫിലിപ് സാള്‍ട്ടിന്‍റെ കൈകളില്‍ എത്തിച്ചു.
പിന്നാലെ മിച്ചല്‍ മാര്‍ഷ് എറിഞ്ഞ അഞ്ചാം ഓവറിലെ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ മനീഷ് പാണ്ഡെ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തെ കൂട്ടുപിടിച്ച അഭിഷേക് ടീമിനെ മുന്നോട്ട് നയിച്ചു. 25 പന്തുകളില്‍ നിന്നും താരം അര്‍ധ സെഞ്ചുറി തികച്ചിരുന്നു. പക്ഷെ മിച്ചല്‍ മാര്‍ഷ് എറിഞ്ഞ 10-ാം ഓവറില്‍ ഹൈദരാബാദിന് ഇരട്ട പ്രഹരം ലഭിച്ചു.
ആദ്യം എയ്‌ഡന്‍ മാര്‍ക്രവും (13 പന്തില്‍ 8), പിന്നാലെ ഹാരി ബ്രൂക്കും (2 പന്തില്‍ 0) അക്‌സര്‍ പട്ടേലിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. പിന്നാലെ അഭിഷേകും മടങ്ങുമ്പോള്‍ 11.3 ഓവറില്‍ അഞ്ചിന് 109 റണ്‍സ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. 36 പന്തില്‍ 12 ഫോറും ഒരു സിക്‌സറും സഹിതം 67 റണ്‍സെടുത്ത അഭിഷേകിനെ അക്‌സര്‍ പട്ടേലാണ് വീഴ്‌ത്തിയത്. തുടര്‍ന്ന് ഒന്നിച്ച ഹെന്‍റിച്ച് ക്ലാസനും അബ്‌ദുള്‍ സമദും ചേര്‍ന്ന് 16-ാം ഓവറില്‍ ടീമിനെ 150 റണ്‍സ് കടത്തി.
ക്ലാസനായിരുന്നു കൂടുതല്‍ ആക്രമിച്ചത്. എന്നാല്‍ 17-ാം ഓവറിലെ അവസാന പന്തില്‍ അബ്‌ദുല്‍ സമദിനെ (21 പന്തില്‍ 28) സംഘത്തിന് നഷ്‌ടമായി. മിച്ചല്‍ മാര്‍ഷിനായിരുന്നു വിക്കറ്റ്. ഒടുവില്‍ ഹൈദരാബാദ് ഇന്നിങ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഹെന്‍റിച്ച് ക്ലാസനും (27 പന്തില്‍ 53*), അകേൽ ഹൊസൈനും (10 പന്തില്‍ 16*) പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് നാല് ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ, അബ്‌ദുൾ സമദ്, അകേൽ ഹൊസൈൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാന്‍ മാലിക്.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ):ഡേവിഡ് വാർണർ(ക്യാപ്റ്റന്‍), ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, അക്‌സർ പട്ടേൽ, റിപൽ പട്ടേൽ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ഇഷാന്ത് ശർമ, മുകേഷ് കുമാർ.