ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡുപ്ലെസിസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 50-ാം മത്സരമാണിത്. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
പിച്ച് വരണ്ടതായി തോന്നുന്നുവെന്ന് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡുപ്ലെസിസ് പറഞ്ഞു. രാത്രി മഞ്ഞ് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ടി20 ക്രിക്കറ്റിന് വേഗതയുമായി ബന്ധമുണ്ട്, ഞങ്ങൾക്ക് സാഹചര്യങ്ങൾ വിലയിരുത്തുകയും മികച്ച സ്കോർ രേഖപ്പെടുത്തുകയും വേണമെന്നും താരം വ്യക്തമാക്കി. വെറ്ററന്‍ താരം കേദാര്‍ ജാദവ് ബാംഗ്ലൂരിന്‍റെ പ്ലേയിങ് ഇലവനില്‍ ഇടം നേടി.
ടോസ് നേടിയാല്‍ തങ്ങളും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പ്രതികരിച്ചു. വളരെയധികം ഊർജ്ജസ്വലതയോടും ആവേശത്തോടും വിശ്വാസത്തോടും കൂടിയാണ് ഞങ്ങൾ കളിക്കാനിറങ്ങുന്നത്. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കാത്തിരിക്കുന്നു.
നേരത്തെ മഴ പെയ്‌തിരുന്നു. ഇതോടെ ഇന്ന് മഞ്ഞ് വീഴാന്‍ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടെന്നും വാര്‍ണര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങിയ ആൻറിച്ച് നോർട്ട്‌ജെയ്ക്ക് പകരം മുകേഷ് കുമാര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തിയപ്പോള്‍ മിച്ച് മാർഷും തിരികെ എത്തി.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചൽ മാർഷ്, റിലീ റോസോ, മനീഷ് പാണ്ഡെ, അമൻ ഹക്കിം ഖാൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.