കേരളം

kerala

ETV Bharat / sports

IPL 2023| കോലിക്കും മഹിപാലിനും അര്‍ധ സെഞ്ചുറി; ഡല്‍ഹിക്കെതിരെ മികച്ച സ്‌കോര്‍ നേടി ബാംഗ്ലൂര്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അര്‍ധ സെഞ്ചുറി നേടി മഹിപാല്‍ ലോംറോര്‍, വിരാട് കോലി എന്നിവര്‍

IPL 2023  Delhi Capitals  Royal Challengers Bangalore  faf du plessis  dawid warner  ഐപിഎല്‍  ഡല്‍ഹി ക്യാപിറ്റല്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ഡേവിഡ് വാര്‍ണര്‍  ഫാഫ് ഡുപ്ലെസിസ്  virat kohli  വിരാട് കോലി
IPL 2023| കോലിക്കും മഹിപാലിനും അര്‍ധ സെഞ്ചുറി; ഡല്‍ഹിക്കെതിരെ മികച്ച സ്‌കോര്‍ നേടി ബാംഗ്ലൂര്‍

By

Published : May 6, 2023, 9:27 PM IST

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ (ഐപിഎല്‍) റോല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 182 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 181 റണ്‍സ് നേടിയത്. മഹിപാല്‍ ലോംറോര്‍, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറിക്ക് പുറമെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിന്‍റെ പ്രകടനവും സംഘത്തിന് നിര്‍ണായകമായി.

ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ പതിഞ്ഞ തുടക്കമായിരുന്നു ബാംഗ്ലൂരിന് ലഭിച്ചത്. ആദ്യ നാല് ഓവറില്‍ 23 റണ്‍സ് മാത്രമാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. മുകേഷ് കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന് ബൗണ്ടറികളടക്കം 13 റണ്‍സടിച്ച ഡുപ്ലെസിസ് പതിയെ ഗിയര്‍ മാറ്റി.

തൊട്ടടുത്ത ഓവറില്‍ ഖലീല്‍ അഹമ്മദിനെതിരെ 15 റണ്‍സും അടിച്ചെടുത്തതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 51 റണ്‍സ് ചേര്‍ക്കാന്‍ ബാംഗ്ലൂരിനായി. 11-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഡുപ്ലെസിസിനെ (32 പന്തില്‍ 45) വീഴ്‌ത്തിയ മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.

മാര്‍ഷിനെ സിക്‌സറിന് പറത്താനുള്ള ബാംഗ്ലൂര്‍ നായകന്‍റെ ശ്രമം അക്‌സര്‍ പട്ടേലിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഗോള്‍ഡന്‍ ഡക്കായത് ബാംഗ്ലൂരിന് കനത്ത പ്രഹരമായി. ഫിലിപ്പ് സാള്‍ട്ടാണ് മാക്‌സ്‌വെല്ലിനെ പിടികൂടിയത്.

നാലാം നമ്പറിലെത്തിയ മഹിപാൽ ലോംറോറും കോലിയും ചേര്‍ന്ന് 13-ാം ഓവറില്‍ ബാംഗ്ലൂരിനെ നൂറ് റണ്‍സ് കടത്തി. തുടര്‍ന്ന് 15-ാം ഓവറില്‍ കോലി അര്‍ധ സെഞ്ചുറിയിലെത്തി. 42 പന്തുകളില്‍ നിന്നാണ് കോലി സീസണിലെ ആറാം അര്‍ധ സെഞ്ചുറി നേടിയത്. എന്നാല്‍ തൊട്ടടുത്ത ഓവറിന്‍റെ ആറാം പന്തില്‍ മുകേഷ്‌ കുമാര്‍ കോലിയെ മടക്കി.

46 പന്തില്‍ 55 റണ്‍സെടുത്ത കോലിയെ ഖലീല്‍ അഹമ്മദ് പിടികൂടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 55 റണ്‍സാണ് കോലി-മഹിപാല്‍ സഖ്യം ചേര്‍ത്തത്. തുടര്‍ന്നെത്തിയ ദിനേശ്‌ കാര്‍ത്തികിനൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നയിച്ച മഹിപാല്‍ 19-ാം ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ചു. 26 പന്തികളില്‍ നിന്നാണ് താരം അന്‍പത് കടന്നത്. എന്നാല്‍ ഇഷാന്ത് ശര്‍മ എറിഞ്ഞ 20-ാം ഓവറിന്‍റെ ആദ്യ പന്തില്‍ സിക്‌സര്‍ നേടാനുള്ള ദിനേശ് കാര്‍ത്തികിന്‍റെ ശ്രമം (9 പന്തില്‍ 11) ലോങ്‌ ഓഫില്‍ ഡേവിഡ് വാര്‍ണറുടെ കയ്യില്‍ ഒതുങ്ങി.

തുടര്‍ന്നെത്തിയ അനൂജ് റാവത്ത് നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ നേടിയെങ്കിലും തുടര്‍ന്ന് വമ്പനടി നടത്താന്‍ ബാംഗ്ലൂര്‍ താരങ്ങള്‍ക്ക് സാധിക്കാത്തത് ഡല്‍ഹിക്ക് ഏറെ ആശ്വാസമായി. മഹിപാലും (29 പന്തില്‍ 54*), അനൂജും (3 പന്തില്‍ 8) പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ALSO READ: IPL 2023| രണ്ടാം എല്‍ ക്ലാസിക്കോയിലും മുംബൈ വീണു; ചെപ്പോക്കിലും ചിരി ധോണിപ്പടയ്‌ക്ക്

ABOUT THE AUTHOR

...view details