കേരളം

kerala

ETV Bharat / sports

IPL 2023| സെഞ്ചുറിയുമായി പ്രഭ്‌സിമ്രാൻ സിങ്ങിന്‍റെ ഒറ്റയാള്‍ പോരാട്ടം; ഡല്‍ഹിക്കെതിരെ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ - പ്രഭ്‌സിമ്രാൻ സിങ്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സ് വിജയ ലക്ഷ്യം.

IPL 2023  Delhi Capitals  Punjab Kings  DC vs PBKS score updates  Prabhsimran Singh  Sam Curran  ഐപിഎല്‍  പഞ്ചാബ് കിങ്‌സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  പ്രഭ്‌സിമ്രാൻ സിങ്  സാം കറന്‍
IPL 2023| സെഞ്ചുറിയുമായി പ്രഭ്‌സിമ്രാൻ സിങ്ങിന്‍റെ ഒറ്റയാള്‍ പോരാട്ടം; ഡല്‍ഹിക്കെതിരെ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍

By

Published : May 13, 2023, 9:32 PM IST

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ പ്രഭ്‌സിമ്രാൻ സിങ്ങിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിനെ തുണച്ചത്. 65 പന്തില്‍ 103 റണ്‍സാണ് താരം നേടിയത്.

മോശം തുടക്കമായിരുന്നു പഞ്ചാബ് കിങ്‌സിന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 46 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ശിഖർ ധവാൻ (5 പന്തില്‍ 7), ലിയാം ലിവിങ്‌സ്റ്റൺ (5 പന്ത് 4) , ജിതേഷ് ശർമ (5 പന്തില്‍ 5) എന്നിവരാണ് നിരാശപ്പെടുത്തിയത്. ധവാനെയും ലിവിങ്‌സ്റ്റണിനെയും ഇഷാന്ത് ശര്‍മ പുറത്താക്കിയപ്പോള്‍ അക്‌സര്‍ പട്ടേലാണ് ജിതേഷിനെ വീഴ്‌ത്തിയത്. അഞ്ചാം നമ്പറിലെത്തിയ സാം കറന്‍ പ്രഭ്‌സിമ്രാൻ സിങ്ങിന് പിന്തുണയേകി കളിച്ചതോടെ പഞ്ചാബ് കൂട്ടത്തര്‍ച്ചയില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും ഇന്നിങ്‌സിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല.

ഇരുവരും ചേര്‍ന്ന് 14-ാം ഓവറിലാണ് പഞ്ചാബിനെ നൂറ് കടത്തിയത്. ഇതിനിടെ 42 പന്തുകളില്‍ നിന്നും പ്രഭ്‌സിമ്രാൻ അര്‍ധ സെഞ്ചുറി തികച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാന് ജീവന്‍ ലഭിച്ചുവെങ്കിലും സാം കറനെ സംഘത്തിന് നഷ്‌ടമായി. 24 പന്തില്‍ 20 റണ്‍സ് നേടിയ കറനെ അമന്‍ ഹക്കീം ഖാന്‍ പിടികൂടുകയായിരുന്നു. പ്രവീണ്‍ ദുബെയ്‌ക്കായിരുന്നു വിക്കറ്റ്.

നാലാം വിക്കറ്റില്‍ 72 റണ്‍സാണ് കറനും പ്രഭ്‌സിമ്രാനും ചേര്‍ന്ന് നേടിയത്. തുടര്‍ന്നെത്തിയ ഹർപ്രീത് ബ്രാർ (5 പന്തില്‍ 2) വേഗം മടങ്ങിയെങ്കിലും പ്രഭ്‌സിമ്രാന്‍ ആക്രമണം കടുപ്പിച്ചതോടെ പഞ്ചാബ് ഇന്നിങ്‌സിന് വേഗം വച്ചു. ഖലീല്‍ അഹമ്മദ് എറിഞ്ഞ 18-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയടിച്ചുകൊണ്ടാണ് പ്രഭ്‌സിമ്രാന്‍ സെഞ്ചുറി തികച്ചത്. 42 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി നേടിയ താരത്തിന് സെഞ്ചുറിയിലേക്കെത്താന്‍ വെറും 19 പന്തുകള്‍ മാത്രമാണ് വേണ്ടി വന്നത്.

ഐപിഎല്ലില്‍ താരത്തിന്‍റെ കന്നി സെഞ്ചുറിയാണിത്. എന്നാല്‍ 19-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ പ്രഭ്‌സിമ്രാന്‍റെ പോരാട്ടം മുകേഷ്‌ കുമാര്‍ അവസാനിപ്പിച്ചു. 10 ഫോറുകളും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പഞ്ചാബ് ഓപ്പണറുടെ ഇന്നിങ്‌സ്. അവസാന ഓവറില്‍ അഞ്ചാം പന്തില്‍ ഷാരൂഖ് ഖാന്‍ (4 പന്തില്‍ 2) റണ്ണൗട്ടായപ്പോള്‍ സിക്കന്ദര്‍ റാസയും (11*), ഋഷി ധവാനും (0*) പുറത്താവാതെ നിന്നു.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചൽ മാർഷ്, റിലീ റോസ്സോ, അമൻ ഹക്കിം ഖാൻ, അക്‌സർ പട്ടേൽ, പ്രവീൺ ദുബെ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ

പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): പ്രഭ്‌സിമ്രാൻ സിങ്‌, ശിഖർ ധവാൻ (ക്യാപ്റ്റന്‍), ലിയാം ലിവിങ്‌സ്റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), സാം കറൻ, സിക്കന്ദർ റാസ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.

ABOUT THE AUTHOR

...view details