ധര്‍മ്മശാല:ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിൻ്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് പൂട്ടിട്ട് ഡൽഹി ക്യാപ്പിറ്റൽസ്. നിർണായക മത്സരത്തിൽ ഡൽഹിയുടെ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസേ നേടാനായുള്ളു. ലിയാം ലിവിങ്സ്റ്റൻ്റെ (48 പന്തിൽ 98) ഒറ്റയാൾ പോരാട്ടം പഞ്ചാബിനെ വിജയത്തിനരികിൽ എത്തിച്ചെങ്കിലും 15 റൺസ് അകലെ ടീം വീഴുകയായിരുന്നു.
വമ്പന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ പഞ്ചാബിന് ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ റണ്‍സ് ഒന്നും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ മടങ്ങുകയും ചെയ്‌തു. ധവാനെ ഇഷാന്ത് ശര്‍മയാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയെ അഥർവ ടൈഡെയും പ്രഭ്സിമ്രാൻ സിങ്ങും ചേര്‍ന്ന് പവര്‍പ്ലേയില്‍ 47/1 എന്ന നിലയിലേക്ക് പഞ്ചാബിനെ എത്തിച്ചു.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പ്രഭ്സിമ്രാനെ (19 പന്തില്‍ 22) വീഴ്‌ത്തിയ അക്‌സര്‍ പട്ടേല്‍ ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. നാലാം നമ്പറിലെത്തിയ ലിയാം ലിവിങ്‌സ്റ്റണെ തുടക്കം തന്നെ പുറത്താക്കാനുള്ള അവസരം ആൻറിച്ച് നോർട്ട്ജെ കളഞ്ഞ് കുളിച്ചു. പിന്നാലെ അഥർവയുടെ ക്യാച്ച് യാഷ് ദുലും പാഴാക്കി. 12-ാം ഓവറില്‍ ഡല്‍ഹി നൂറ് റണ്‍സിലെത്തി. വൈകാതെ അർധ സെഞ്ചുറി പൂര്‍ത്തിയാക്കിയ അഥര്‍വ (42 പന്തില്‍ 55) 15-ാം ഓവറിന്‍റെ അവസാന പന്തില്‍ റിട്ടേര്‍ഡ് ഔട്ടായി മടങ്ങി.
78 റണ്‍സാണ് അഥര്‍വ-ലിയാം ലിവിങ്‌സ്റ്റണ്‍ സഖ്യം നേടിയത്. തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മ (3 പന്തില്‍ 0), ഷാരൂഖ് ഖാൻ (3 പന്തില്‍ 6) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ 30 പന്തുകളില്‍ നിന്നും ലിവിങ്‌സ്റ്റണ്‍ അര്‍ധ സെഞ്ച്വറിയിലെത്തിയിരുന്നു. തുടർന്നിറങ്ങിയ സാം കറനെ (11) ആൻറിച്ച് നോർക്യേ ഔട്ടാക്കിയപ്പോൾ ഹർപ്രീത് ബ്രാർ ആദ്യ പന്തിൽ തന്നെ റൺഔട്ട് ആയി മടങ്ങി. ഇതോടെ പഞ്ചാബ് പരാജയം ഉറപ്പിച്ചു. തുടർന്ന് ലിവിങ്സ്റ്റൺ പഞ്ചാബിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.
അവസാന ഓവറിൽ 32 റൺസായിരുന്നു പഞ്ചാബിൻ്റെ വിജയലക്ഷ്യം. ഒരു നോബോൾ ഉൾപ്പെടെ കിട്ടിയ ആ ഓവറിൽ പഞ്ചാബിന് 17 റൺസേ നേടാനായുള്ളു. ഓവറിൻ്റെ അവസാന പന്തിൽ ലിവിങ്സ്റ്റൺ ക്യാച്ച് നൽകി പുറത്താകുകയും ചെയ്തു. ലിവിങ്സ്റ്റൺ 48 പന്തിൽ ഒൻപത് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 94 റൺസ് നേടി. ഡൽഹിക്കായി നോർക്കെ, ഇഷാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.