അഹമ്മദാബാദ് :ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്തി അഞ്ചാം കിരീടം നേടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അവസാന മൂന്ന് പന്തില്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ക്രീസിലുണ്ടായിരുന്ന ശിവം ദുബെയ്‌ക്കെതിരെ പന്തെറിയാനെത്തിയത് ഗുജറാത്തിന്‍റെ വിശ്വസ്‌തനായ ബൗളര്‍ മോഹിത് ശര്‍മ. മോഹിത്തിന്‍റെ യോര്‍ക്കര്‍ ശ്രമം ലോ ഫുള്‍ടോസായി മാറിയെങ്കിലും അത് കൃത്യമായി ബാറ്റില്‍ കണക്‌ട് ചെയ്യാന്‍ ദുബെയ്‌ക്കായില്ല.
വൈഡ് ലോങ് ഓണിലേക്ക് ദുബെയുടെ ബാറ്റില്‍ നിന്ന് പന്ത് പോയതോടെ ചെന്നൈ ഒരു റണ്‍ ഓടിയെടുത്തു. അവസാന രണ്ട് പന്തില്‍ 10 റണ്‍സ് എന്നതിലേക്ക് മത്സരം ചുരുങ്ങി. മോഹിത്തിന്‍റെ പന്തുകളില്‍ പ്രതീക്ഷയര്‍പ്പിച്ച ഗുജറാത്ത് നായകന്‍ ഹാര്‍ദിക്കിന്‍റെ മുഖത്ത് ആശ്വാസത്തിന്‍റെ ചിരി.
മറുവശത്ത് ചെന്നൈ ഡഗൗട്ടില്‍ ആശങ്ക നിറഞ്ഞ കാഴ്‌ച. നായകന്‍ ധോണി കണ്ണുകള്‍ അടച്ച് അവസാന രണ്ട് പന്തിനായി കാത്തിരുന്നു. ക്രീസില്‍ നിന്ന രവീന്ദ്ര ജഡേജയ്‌ക്ക് നേരെ പന്തെറിയാന്‍ മോഹിത് ഓടിയടുത്തു.
ഫുള്‍ലെങ്തില്‍ എത്തിയ മോഹിത്തിന്‍റെ പന്ത് ജഡേജ ബൗളറിന് തലയ്‌ക്ക് മുകളിലൂടെ തന്നെ അതിര്‍ത്തി കടത്തി. ഇതോടെ ചെന്നൈ ക്യാമ്പും ആരാധകരും ആവേശത്തിലായി. നാല് റണ്‍സ് അകലെയായി ചെന്നൈയുടെ വിജയദൂരം.
അവസാന പന്തില്‍ ജഡേജയ്‌ക്ക് കാര്യങ്ങള്‍ എല്ലാം എളുപ്പമായിരുന്നു. മോഹിത്തിന്‍റെ പന്ത് എത്തിയത് ജഡേജയുടെ പാഡിന് നേര്‍ക്കാണ്. ജഡേജ ഫ്ലിക്ക് ചെയ്‌ത് വിട്ട പന്ത് ഫൈന്‍ ലെഗിലൂടെ ബൗണ്ടറിയിലേക്ക്.
പിന്നാലെ ബാറ്റുയര്‍ത്തി ജഡ്ഡു ചെന്നൈ ഡഗ്‌ഔട്ട് ലക്ഷ്യമാക്കിയോടി. അവിടെ നിന്ന് മറ്റ് താരങ്ങളും ആവേശത്തോടെ മൈതാനത്തേക്ക്. പിന്നീട് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കണ്ടത് ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങളുടെ വിജയാഘോഷം.
Also Read :IPL 2023 | 'ഒഴിഞ്ഞുമാറാന്‍ എളുപ്പമാണ്, എന്നാല്‍ തുടരാനാണ് തീരുമാനം'; വിരമിക്കല്‍ സാധ്യത തള്ളി എംഎസ് ധോണി
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വേറിട്ട രീതിയിലായിരുന്നു അഞ്ചാം തവണ ചെന്നൈ ഐപിഎല്‍ കിരീടം നേടയപ്പോള്‍ നായകന്‍ എംഎസ് ധോണിയെ കണ്ടത്. 2021ല്‍ ചെന്നൈ അവസാനം കപ്പുയര്‍ത്തിയപ്പോള്‍ പുഞ്ചിരിയോടെ ഡഗ്‌ഔട്ടിലുണ്ടായിരുന്ന ധോണി ഇക്കുറി കൂടുതല്‍ ആവേശത്തിലായി. ജഡേജയ്‌ക്കരികിലേക്ക് എത്തിയ ധോണി താരത്തെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി ചരിത്ര ജയത്തിന്‍റെ ആഘോഷങ്ങളില്‍ പങ്കാളിയായി.
ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍താരവും നിലവില്‍ കമന്‍റേറ്ററുമായ മാത്യു ഹെയ്‌ഡനെ കെട്ടിപ്പിടിച്ചും ധോണി ജയം ആഘോഷിച്ചു. വേറിട്ട ശൈലിയിലായിരുന്നു ഇത്തവണ ചെന്നൈ നായകന്‍ ഐപിഎല്‍ കിരീടം ഏറ്റുവാങ്ങാനെത്തിയത്. തനിയെ വന്ന് കിരീടം ഏറ്റുവാങ്ങി അത് സഹതാരങ്ങളെ ഏല്‍പ്പിച്ച ശേഷം പിന്നിലേക്ക് മാറിനില്‍ക്കുന്നതായിരുന്നു പതിവ്.
More Read :IPL 2023 | ചെന്നൈ ദി 'സൂപ്പർ കിങ്സ്'; ഐപിഎൽ ധോണിപ്പടയ്ക്ക്, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് സിഎസ്കെ
എന്നാല്‍, ഇത്തവണ ഐപിഎല്‍ കിരീടം വാങ്ങാനെത്തിയപ്പോള്‍ അവസാന മത്സരം കളിക്കാനിറങ്ങിയ അമ്പാട്ടി റായുഡുവും ഫൈനലിലെ വിജയ ശില്‍പ്പി രവീന്ദ്ര ജഡേജയും ധോണിക്കൊപ്പം ഉണ്ടായിരുന്നു. ഇവരായിരുന്നു ഇത്തവണ ചെന്നൈക്കായി കിരീടം ഏറ്റുവാങ്ങിയത്. പിന്നീട് മറ്റ് താരങ്ങള്‍ക്കൊപ്പം കപ്പുയര്‍ത്തിയുള്ള ആഘോഷം. ഈ കിരീട നേട്ടത്തോടെ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കപ്പുയര്‍ത്തിയിട്ടുള്ള ടീമായും ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറി.