ചെന്നൈ:ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴ് വിക്കറ്റിന്‍റെ മിന്നും വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 138 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. ഡെവോൺ കോൺവേയുടെ അപരാജിത അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് അനായാസ വിജയം ഒരുക്കിയത്.
57 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം പുറത്താവാതെ 77 റണ്‍സാണ് താരം നേടിയത്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദും ഡെവോൺ കോൺവേയും നല്‍കിയത്. ആദ്യ അഞ്ച് ഓവറില്‍ 37 റണ്‍സാണ് ചെന്നൈ നേടിയത്. എന്നാല്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ ആറാം ഓവറില്‍ നാല് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 23 റണ്‍സ് പിറന്നതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 60 റണ്‍സ് എന്ന നിലയിലേക്കെത്താന്‍ ചെന്നൈക്ക് കഴിഞ്ഞു.
ഡെവോണ്‍ കോണ്‍വേയായിരുന്നു ഉമ്രാനെ പഞ്ഞിക്കിട്ടത്. തുടര്‍ന്ന് 10-ാം ഓവറില്‍ 33 പന്തുകളില്‍ നിന്നും കോണ്‍വേ അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ റിതുരാജിനെ റണ്ണൗട്ടാക്കിയ ഉമ്രാന്‍ ഹൈദരാബാദിന് ആശ്വാസം നല്‍കി. 30 പന്തില്‍ 35 റണ്‍സെടുത്താണ് റിതുരാജ് മടങ്ങിയത്.
പിന്നീടെത്തിയ അജിങ്ക്യ രഹാനെയ്‌ക്ക് ഒപ്പം ചേര്‍ന്ന കോണ്‍വെ 14-ാം ഓവറില്‍ ചെന്നൈയെ 100 കടത്തി. എന്നാല്‍ 10 പന്തുകള്‍ മാത്രമായിരുന്നു രഹാനെയ്‌ക്ക് ആയുസ്. ഒമ്പത് റണ്‍സ് മാത്രം നേടിയ രഹാനെയെ മായങ്ക് മാർക്കണ്ഡേയുടെ പന്തില്‍ എയ്‌ഡന്‍ മാര്‍ക്രം പിടികൂടുകയായിരുന്നു. പിന്നാലെ എത്തിയ ഇംപാക്‌ട് പ്ലെയര്‍ അമ്പാട്ടി റായിഡുവിനെയും (10 പന്തില്‍ 9) മായങ്ക് മാർക്കണ്ഡേ തിരിച്ച് കയറ്റി. തുടര്‍ന്ന് ഒന്നിച്ച മൊയിന്‍ അലിയും (6 പന്തില്‍ 6) കോണ്‍വെയും ചേര്‍ന്ന് ചെന്നൈയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ഹൈദരാബാദിനെ പിടിച്ച് കെട്ടി ചെന്നൈ ബോളര്‍മാര്‍:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചെന്നൈ ബോളര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 134 റണ്‍സില്‍ പിടിച്ച് കെട്ടുകയായിരുന്നു. അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി.
ഭേദപ്പെട്ട തുടക്കമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഓപ്പണര്‍മാരായ ഹാരി ബ്രൂക്കും അഭിഷേക് ശര്‍മയും നല്‍കിയത്. ആകാശ് സിങ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ആറ് റണ്‍സും തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ് റണ്‍സുമാണ് ഇരുവര്‍ക്കും നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മൂന്നാം ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ ആകാശ് സിങ്ങിനെതിരെ 10 റണ്‍സ് നേടിയ സംഘം പതിയെ ഗിയല്‍ മാറ്റി.