ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 61-ാം മത്സരമാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തട്ടകമായ ചെപ്പോക്കിലാണ് കളി നടക്കുന്നത്.
മത്സരം പുരോഗമിക്കുമ്പോൾ മന്ദഗതിയിലാകാന്‍ സാധ്യതയുള്ള വിക്കറ്റാണിതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി പറഞ്ഞു. പിച്ചിന്‍റെ സ്വഭാവം വേഗത്തില്‍ മനസിലാക്കാനും നല്ല സ്കോർ എന്താണെന്ന് കണ്ടെത്താനുമാണ് സീസണിലുടനീളം ഞങ്ങൾ ഓപ്പണർമാരോട് പറഞ്ഞിട്ടുള്ളത്.
6-8 ഓവറുകൾക്ക് ശേഷം സ്കോർ വീണ്ടും പരിശോധിക്കേണ്ടതുണ്ട്. പന്തിന് തിളക്കം നഷ്‌ടപ്പെടുന്നു എന്നതാണ് ഇതിന് കാരണം. ഞങ്ങൾ നന്നായി ചെയ്‌തുവെന്നാണ് ഞാന്‍ കരുതുന്നത്. എന്നാൽ ഫീൽഡിങ് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ധോണി പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കുന്നതെന്നും ധോണി വ്യക്തമാക്കി.
ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ പറഞ്ഞു. ഞങ്ങള്‍ക്ക് ആദ്യ മത്സരത്തിലും സമ്മർദം ഉണ്ടായിരുന്നുവെന്നാണ് ഞാൻ കരുതുന്നുന്നത്, അത് ഇപ്പോഴുമുണ്ട്. ഐപിഎൽ അങ്ങനെയാണ്. നമുക്ക് അതിനെ നിസാരമായി കാണാനാകില്ല.
എതെങ്കിലും ഡിപ്പാർട്ട്‌മെന്‍റിന് വീഴ്‌ച സംഭവിച്ചാൽ, മത്സരത്തിന്‍റെ ഫലം 90 ശതമാനവും നിങ്ങള്‍ക്ക് എതിരാവും. അതിനാൽ എല്ലാ ഡിപ്പാർട്ട്‌മെന്‍റുകളിലും ഞങ്ങൾ ക്ലിനിക്കൽ ആയിരിക്കണമെന്നും നിതീഷ് റാണ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. അനുകുൽ റോയിക്ക് സ്ഥാനം നഷ്‌ടമായപ്പോള്‍ വൈഭവ് അറോറയാണ് ടീമിലിടം നേടിയത്.