ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത ബോളര്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 34 പന്തില്‍ 48* റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശിവം ദുബെയാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.
പതിഞ്ഞ തുടക്കമായിരുന്നു ചെന്നൈക്ക് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. അപകടകാരിയായ റിതുരാജ് ഗെയ്‌ക്‌വാദിനെയാണ് (13 പന്തില്‍ 17) സംഘത്തിന് ആദ്യം നഷ്‌ടമായത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ മൂന്നാം ഓവറിന്‍റെ മൂന്നാം പന്തില്‍ വൈഭവ് അറോറ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം.
തുടര്‍ന്നെത്തിയ അജിങ്ക്യ രഹാനെ (11 പന്തില്‍ 16) ഡെവോണ്‍ കോണ്‍വേയ്‌ക്ക് ഒപ്പം ശ്രദ്ധയോടെ ബാറ്റ് ചെയ്യുന്നതിനിടെ എട്ടാം ഓവറിന്‍റെ അവസാന പന്തില്‍ വീണു. വരുണ്‍ ചക്രവര്‍ത്തിക്ക് തന്നെയായിരുന്നു വിക്കറ്റ്. പിന്നാലെ കോണ്‍വേയെ ശാര്‍ദുല്‍ താക്കൂറും മടക്കിയതോടെ പത്ത് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 68/3 എന്ന നിലയിലായിരുന്നു ചെന്നൈ.
28 പന്തില്‍ 30 റണ്‍സെടുത്ത ചെന്നൈ ഓപ്പണറെ സ്‌ക്വയര്‍ ലെഗില്‍ റിങ്കു സിങ് കയ്യിലൊതുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ അമ്പാട്ടി റായിഡുവിനെയും (7 പന്തില്‍ 4), മൊയിന്‍ അലിയേയും (2 പന്തില്‍ 1) ബൗള്‍ഡാക്കിയ സുനില്‍ നരെയ്‌ന്‍ ചെന്നൈക്ക് ഇരട്ട പ്രഹരം നല്‍കി. ഇതോടെ 11 ഓവറില്‍ 72/5 എന്ന നിലയിലേക്ക് ചെന്നൈ വീണു.