ചെന്നൈ:ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കാത്തിരിക്കണം. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയതാണ് ധോണിപ്പടയ്‌ക്ക് തിരിച്ചടിയായത്. സ്വന്തം തട്ടകമായ ചെപ്പോക്കിൽ 6 വിക്കറ്റിനാണ് ചെന്നൈ കൊല്‍ക്കത്തയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നേടിയ 144 റണ്‍സിന് മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത ഒൻപത് പന്തുകൾ ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്‌ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കൂട്ടത്തര്‍ച്ചയിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ റിങ്കു സിങ്ങും ക്യാപ്റ്റന്‍ നിതീഷ് റാണയും ചേര്‍ന്നാണ് വിജയ തീരത്ത് എത്തിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേർത്ത 99 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടാണ് കൊൽക്കത്തക്ക് അനായാസ ജയം സമ്മാനിച്ചത്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം മികച്ചതായിരുന്നില്ല.
ദീപക് ചഹാര്‍ എറിഞ്ഞ ആദ്യ ഓവറിന്‍റെ അവസാന പന്തില്‍ റഹ്മാനുള്ള ഗുർബാസിനെ (4 പന്തില്‍ 1) കൊല്‍ക്കത്തയ്‌ക്ക് നഷ്‌ടമായി. തുടര്‍ന്നുള്ള തന്‍റെ രണ്ട് ഓവറുകളിലായി വെങ്കടേഷ് അയ്യരേയും (4 പന്തില്‍ 9), ജേസൺ റോയിയേയും (15 പന്തില്‍ 12) ദീപക് ചഹാര്‍ വീഴ്‌ത്തിയതോടെ കൊല്‍ക്കത്ത 4.3 ഓവറില്‍ 33/3 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ഒന്നിച്ച റിങ്കു സിങ്ങും ക്യാപ്റ്റന്‍ നിതീഷ് റാണയും ശ്രദ്ധയോടെ കളിച്ചതോടെയാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നും ടീം രക്ഷപ്പെട്ടത്.
ഇരുവരും ചേർന്ന് 99 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ റിങ്കുവും റാണയുടെ അർധസെഞ്ച്വറിയും പൂർത്തിയാക്കി. 17-ാം ഓവറിൽ ടീം സ്കോർ 132ൽ നിൽക്കെയാണ് ഈ കൂട്ടുകെട്ട് പൊളിക്കാൻ ചെന്നൈക്കായത്. 43 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 54 റൺസെടുത്ത റിങ്കു സിങിനെ മൊയിൻ അലി റൺഔട്ട് ആക്കുകയായിരുന്നു.
തുടർന്ന് ക്രീസിലൊന്നിച്ച ആന്ദ്രേ റസലിനെ കൂട്ടുപിടിച്ച് നായകൻ നിതീഷ് റാണ കൊൽക്കത്തയെ വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു. നിതീഷ് റാണ 44 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 57 റൺസുമായും റസൽ 2 റൺസുമായും പുറത്താകാതെ നിന്നു. ചെന്നൈക്കായി ദീപക് ചഹാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.