അഹമ്മദാബാദ്:ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഫൈനൽ പോരാട്ടത്തിൽ വില്ലനായി മഴ. ചെന്നൈ സൂപ്പർ കിങ്‌സ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിന്‍റെ ടോസ് കനത്ത മഴ മൂലം വൈകുന്നു. ടോസിന് തൊട്ടുമുൻപാണ് ഫൈനലിനെ വെള്ളത്തിലാക്കി മഴ പെയ്‌ത് തുടങ്ങിയത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ മത്സരം ഇനിയും വൈകുമെന്നാണ് വിവരം.
കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം കിരീടം തേടിയെത്തുമ്പോൾ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങുന്നത്. തുല്യശക്‌തികളായ ടീമുകൾ മുഖാമുഖം വരുമ്പോള്‍ ആവേശകരമായൊരു പോരാട്ടത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ടീമുകളാണ് ഗുജറാത്തും ചെന്നൈയും. ആദ്യ ക്വാളിഫയറില്‍ ചെന്നൈ ഗുജറാത്തിനെ വീഴ്‌ത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്. എലിമിനേറ്റര്‍ വിജയികളായെത്തിയ മുംബൈ ഇന്ത്യന്‍സിനെ രണ്ടാം അവസരത്തില്‍ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് മുന്നേറിയത്.
രാജാവാകുമോ ചെന്നൈ? : 2010, 2011, 2018, 2021 സീസണുകളിലാണ് ധോണിക്ക് കീഴില്‍ സിഎസ്കെ കപ്പുയര്‍ത്തിയത്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ക്കാനായാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ റെക്കോഡിനൊപ്പം ചെന്നൈക്ക് എത്താൻ സാധിക്കും. ഇതിനകം തന്നെ 10 ഫൈനലുകൾ കളിച്ചു എന്ന അപൂർവ റെക്കോഡ് ചെന്നൈ സ്വന്തമാക്കിയിരുന്നു.
ബാറ്റര്‍മാരുടെ കരുത്തിലാണ് ഈ സീസണിൽ ചെന്നൈ ഫൈനൽ വരെ കുതിച്ചെത്തിയത്. ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദും ഡെവോണ്‍ കോണ്‍വെയും നൽകുന്ന തകർപ്പൻ തുടക്കത്തിലാണ് ധോണിപ്പടയുടെ പ്രതീക്ഷ. പിന്നാലെയെത്തുന്ന അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയീന്‍ അലി എന്നിവരും കുറ്റനടികളുമായി അവസരത്തിനൊത്ത് ഉയരുന്നുണ്ട്.
ഫിനിഷര്‍ റോളില്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം രവീന്ദ്ര ജഡേജയും ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്നു. ജഡേജയുടെ സ്‌പിന്‍ ബൗളിങും ഇന്ന് നിര്‍ണായകമാകും. ഒരു പിടി യുവ ബോളർമാരുമായാണ് ധോണി ഇത്തവണ ചെന്നൈയെ ഫൈനലില്‍ എത്തിച്ചത്. ടീമിന്‍റെ വിധി നിർണയിക്കുന്നതിൽ ഇവരുടെ പ്രകടനവും നിർണായകമാകും.