ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് ബാറ്റിങ്. ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ഡൽഹി രണ്ട് മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്. പൃഥ്വി ഷാ, ഇഷാന്ത് ശർമ എന്നിവർക്ക് പകരം ലളിത് യാദവ്, ചേതൻ സക്കറിയ എന്നിവർ ടീമിൽ ഇടം നേടി.
പോയിന്‍റ് പട്ടികയിൽ ആദ്യ നാലിനുള്ളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ചെന്നൈക്ക് ഇന്നത്തെ മത്സരത്തിലെ വിജയം ഏറെ നിർണായകമാണ്. 13 മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റോടെ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഇന്ന് വിജയിച്ചാൽ മറ്റ് മത്സരങ്ങളുടെ ഫലം കാത്ത് നിൽക്കാതെ തന്നെ ചെന്നൈക്ക് നേരിട്ട് പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധിക്കും.
മറുവശത്ത് നേരത്തെ തന്നെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചതിനാൽ ഡൽഹിക്ക് ഇന്നത്തെ മത്സരം നിർണായകമല്ല. എന്നാൽ അവസാന മത്സരത്തിൽ സ്വന്തം കാണികളുടെ മുന്നിൽ വിജയിച്ച് ചെന്നൈയുടെ വഴിമുടക്കികളായി മാറാനാകും ഡൽഹിയുടെ ശ്രമം. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം ഉൾപ്പെടെ 10 പോയിന്‍റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഡൽഹി.
കൊൽക്കത്തയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് ധോണിപ്പടയുടെ കണക്കൂകൂട്ടലുകൾ തെറ്റിച്ചത്. ആ മത്സരം വിജയിച്ചിരുന്നുവെങ്കിൽ ചെന്നൈക്ക് നേരിട്ട് പ്ലേ ഓഫ് കടക്കാൻ സാധിക്കുമായിരുന്നു. ഇന്ന് ജയിക്കാനായാൽ ചെന്നൈക്ക് രണ്ടാം സ്ഥാനക്കാരായി തന്നെ പ്ലേ ഓഫിലേക്ക് കടക്കാൻ സാധിക്കും. ആദ്യ രണ്ട് സ്ഥാനക്കാരിൽ പരാജയപ്പെടുന്ന ടീമിന് രണ്ടാം എലിമിനേറ്റർ കളിക്കാമെന്നതിനാൽ മികച്ച വിജയം നേടാനാകും ചെന്നൈയുടെ ശ്രമം.