അഹമ്മദാബാദ് :ഐപിഎല്‍ പതിനാറാം പതിപ്പിലെ രാജാക്കന്മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും നാല് പ്രാവശ്യം കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് മുഖാമുഖം വരുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ഫൈനല്‍ ആരംഭിക്കുന്നത്.
അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ധോണിയുടെ ചെന്നൈ ഇന്ന് അഹമ്മദാബാദില്‍ ഇറങ്ങുന്നത്. 2010, 2011, 2018, 2021 വര്‍ഷങ്ങളിലാണ് ചെന്നൈ നേരത്തെ ഐപിഎല്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ഇന്ന് ഗുജറാത്തിനെ തകര്‍ക്കാനായാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കൂടുതല്‍ കിരീടം നേടുന്ന ടീമായും ചെന്നൈക്ക് മാറാം. കൂടാതെ ഹാര്‍ദിക്കിനെയും സംഘത്തെയും വീഴ്‌ത്തി കപ്പടിച്ചാല്‍ ഐപിഎല്‍ കിരീടം ഉയര്‍ത്തുന്ന പ്രായം കൂടിയ നായകനായും ധോണി മാറും.
തോറ്റുതുടങ്ങിയ ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ടായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തുടക്കം. അഹമ്മദാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് വിക്കറ്റിനായിരുന്നു ധോണിയേയും സംഘത്തേയും കീഴടക്കിയത്. ആ തോല്‍വിയില്‍ നിന്ന് ശക്തമായി തന്നെ ചെന്നൈ തിരിച്ചുവന്നു.
തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും അവര്‍ ജയം പിടിച്ചു. രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 12 റണ്‍സിനാണ് ധോണിയും സംഘവും പരാജയപ്പെടുത്തിയത്. മൂന്നാം മത്സരത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡെയില്‍ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയാണ് സിഎസ്‌കെ ചെപ്പോക്കിലേക്ക് തിരികെയെത്തിയത്.
Also Read :IPL 2023 | മഴയെടുക്കുമോ ഫൈനല്‍ ? ; ആശങ്കയായി അഹമ്മദാബാദിലെ കാലാവസ്ഥാപ്രവചനം
സീസണിലെ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ചെന്നൈ പരാജയപ്പെട്ടു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ആ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. ചിന്നസ്വാമിയില്‍ ബംഗ്ലൂരിനെ എട്ട് റണ്‍സിന് വീഴ്‌ത്തിയാണ് രാജസ്ഥാനോടെറ്റ തോല്‍വിയുടെ ക്ഷീണം ധോണിയും സംഘവും മാറ്റിയത്.