കേരളം

kerala

ETV Bharat / sports

IPL 2023| വാർണറുടെ പോരാട്ടത്തിനും കരകയറ്റാനായില്ല; ഡൽഹിയെ തകർത്തെറിഞ്ഞ് ചെന്നൈ പ്ലേ ഓഫിൽ - David Warner

ചെന്നൈയുടെ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 149 റണ്‍സേ നേടാനായുള്ളു. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചു.

ഐപിഎൽ  ഇന്ത്യൻ പ്രീമിയർ ലീഗ്  IPL 2023  ഐപിഎൽ 2023  ചെന്നൈ സൂപ്പർ കിങ്‌സ്  ഡൽഹി ക്യാപ്പിറ്റൽസ്  ഡൽഹിക്കെതിരെ ചെന്നൈക്ക് ജയം  ചെന്നൈ പ്ലേ ഓഫിൽ  CHENNAI SUPER KINGS BEAT DELHI CAPITALS  CSK BEAT DC  ഡേവിഡ് വാർണർ  ധോണി  David Warner  Delhi
ചെന്നൈ പ്ലേ ഓഫിൽ

By

Published : May 20, 2023, 7:51 PM IST

ന്യൂഡൽഹി:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 77 റണ്‍സിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈയുടെ 224 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 149 റണ്‍സേ നേടാനായുള്ളു. അർധ സെഞ്ച്വറിയുമായി പൊരുതിയ ഡേവിഡ് വാർണറുടെ (86) ഒറ്റയാൾ പോരാട്ടമാണ് ഡൽഹിയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. വിജയത്തോടെ ചെന്നൈ 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തോടെ പ്ലേഓഫ് ഉറപ്പിച്ചു.

ചെന്നൈയുടെ കൂറ്റൻ സ്‌കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ പ്രിത്വി ഷായെ രണ്ടാം ഓവറിൽ തന്നെ ഡൽഹിക്ക് നഷ്‌ടമായി. അഞ്ച് റണ്‍സെടുത്ത താരത്തെ തുഷാർ ദേശ്‌പാണ്ഡെയുടെ പന്തിൽ തകർപ്പനൊരു ക്യാച്ചിലൂടെ അമ്പാട്ടി റായിഡു പുറത്താക്കുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ ഫിൽ സാൾട്ടിനും അധിക സമയം പിടിച്ച് നിൽക്കാനായില്ല. മൂന്ന് റണ്‍സെടുത്ത താരത്തെ ദീപക് ചഹാർ അജിങ്ക്യ രഹാനെയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ റീലി റൂസോയെ സമ്പൂജ്യനാക്കി മടക്കി ദീപക് ചഹാർ ഡൽഹിക്ക് ഇരട്ട പ്രഹരം നൽകി.

വാർണറുടെ ഒറ്റയാൾ പോരാട്ടം: വിക്കറ്റുകൾ വീഴുമ്പോഴും ഡേവിഡ് വാർണർ ഒരു വശത്ത് തകർത്തടിക്കുന്നുണ്ടായിരുന്നു. ഇതിനിടെ താരം 32 പന്തിൽ തന്‍റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. റൂസോക്ക് പിന്നാലെ ക്രീസിലെത്തിയ യാഷ് ദുള്ളിനും അധിക സമയം പിടിച്ച് നിൽക്കാനായില്ല. 13 റണ്‍സ് മാത്രമെടുത്ത താരത്തെ രവീന്ദ്ര ജഡേജ തുഷാർ ദേശ്‌പാണ്ഡെയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

ഇതോടെ അക്‌സർ പട്ടേൽ ക്രീസിലെത്തി. അക്‌സറിനെ കൂട്ടുപിടിച്ച് വാർണർ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. രവീന്ദ്ര ജഡേജ എറിഞ്ഞ 12-ാം ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും ഉൾപ്പെടെ 23 റണ്‍സാണ് ഡൽഹി അടിച്ചെടുത്തത്. ഇതിനിടെ 12-ാം ഓവറിന്‍റെ നാലാം പന്തിൽ ഡൽഹിയുടെ ടീം സ്‌കോർ 100 കടന്നു.

ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിച്ച അക്‌സർ ഡൽഹിക്ക് മികച്ചൊരു ബ്രേക്ക് ത്രൂ സമ്മാനിക്കുമെന്ന പ്രതീതി സൃഷ്‌ടിച്ചു. എന്നാൽ 13-ാം ഓവറിലെ മൂന്നാം പന്തിൽ അക്‌സറിനെ (15) വീഴ്‌ത്തി ദീപക്‌ ചഹാർ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ ഡൽഹി 13.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 109 റണ്‍സ് എന്ന നിലയിലേക്ക് വീണു.

പിന്നാലെ ക്രീസിലെത്തിയ അമൻ ഹക്കിം ഖാനും അധിക നേരം പിടിച്ച് നിൽക്കാനായില്ല. ഏഴ് റണ്‍സ് നേടിയ താരത്തെ മതീഷ പതിരണ മൊയിൻ അലിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ ടീം സ്‌കോർ 144ൽ നിൽക്കെ ഡേവിഡ് വാർണറേയും ഡൽഹിക്ക് നഷ്‌ടമായി. പുറത്താകുമ്പോൾ 58 പന്തിൽ അഞ്ച് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 86 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

പിന്നാലെ കൂട്ട തകർച്ചക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ലളിത് യാദവ് (6), കുൽദീപ് യാദവ് (0) എന്നിവർ മഹീഷ തീക്ഷണ എറിഞ്ഞ 19-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ പുറത്തായി. ചെന്നൈക്കായി ദീപക്‌ ചഹാർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മതീഷ പതിരണ, മഹീഷ തീക്ഷണ എന്നിവർ രണ്ട് വിക്കറ്റും തുഷാർ ദേശ്‌പണ്ഡെ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.

അപരാജിത കൂട്ടുകെട്ട്: നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും (79) ഡെവോണ്‍ കോണ്‍വെയുടെയും (87) അർധ സെഞ്ച്വറി മികവിലാണ് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. ഒന്നാം വിക്കറ്റിൽ 141 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ചെന്നൈക്ക് സമ്മാനിച്ചത്.

14-ാം ഓവറിലാണ് ചെന്നൈയുടെ ഓപ്പണിങ് സഖ്യത്തെ പൊളിക്കാൻ ഡൽഹിക്ക് സാധിച്ചത്. തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ തകർപ്പനൊരു കാമിയോ റോൾ കാഴ്‌ചവച്ച് മടങ്ങി. ഒൻപത് പന്തിൽ മൂന്ന് സിക്‌സുകൾ ഉൾപ്പെടെ 22 റണ്‍സ് നേടിയ താരത്തെ ഖലീൽ അഹമ്മദ് പുറത്താക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും കളം നിറഞ്ഞ് കളിച്ചു. 18-ാം ഓവറിന്‍റെ നാലാം പന്തിൽ തകർപ്പനൊരു സിക്‌സിലൂടെ ജഡേജ ചെന്നൈയുടെ ടീം സ്‌കോർ 200 കടത്തി. ജഡേജ ഏഴ് പന്തിൽ 20 റണ്‍സുമായും ധോണി അഞ്ച് റണ്‍സുമായും പുറത്താകാതെ നിന്നു. ഡൽഹിക്കായി ആൻറിച്ച് നോർട്ട്ജെ, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് നേടി.

ABOUT THE AUTHOR

...view details