മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുന്നില്‍ നിന്നും നയിച്ച് കയ്യടി നേടുകയാണ് മലയാളി താരം സഞ്‌ജു സാംസണ്‍. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ടീമിന് ഏറെ നിര്‍ണായകമായ സംഭാവനയാണ് 28കാരന്‍ നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലേക്ക് നയിച്ച താരത്തില്‍ ഇക്കുറി ആരാധകര്‍ക്ക് പ്രതീക്ഷ ഏറെയാണ്.
സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറിയുമായി തുടങ്ങിയ താരം പഞ്ചാബ് കിങ്‌സിനെതിരായ അടുത്ത കളിയില്‍ 42 റണ്‍സ് നേടിയിരുന്നു. തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനുമെതിരായ മത്സരത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതെയായിരുന്നു സഞ്‌ജു തിരിച്ച് കയറിയത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ടീമിന്‍റെ വിജയത്തിന് അടിത്തറ ഒരുക്കിയത് സഞ്‌ജുവിന്‍റെ പൊളിപ്പന്‍ ഇന്നിങ്‌സായിരുന്നു.
32 പന്തുകളില്‍ നിന്നും മൂന്ന് ഫോറുകളും ആറ് സിക്‌സുകളും സഹിതം 60 റണ്‍സായിരുന്നു താരം നേടിയത്. സമ്മര്‍ദ ഘട്ടത്തിലായിരുന്നു ഈ പ്രകടനമെന്നത് രാജസ്ഥാന്‍ ക്യാപ്റ്റന്‍റെ ഇന്നിങ്‌സിന് മാറ്റ് കൂട്ടുന്നതാണ്. ഇതിന് പിന്നാലെ താരത്തെ ദേശീയ ടീമില്‍ നിന്നും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി ചര്‍ച്ചകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിതാ സഞ്‌ജുവിനെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ അമോൽ മുജുംദാർ. ചില മത്സരങ്ങില്‍ പരാജയപ്പെട്ടാലും സഞ്‌ജുവിന് തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കണമെന്നാണ് മുജുംദാർ പറയുന്നത്.
"ഏകദിന ലോകകപ്പാണ് നമുക്ക് മുന്നിലുള്ളത്. തന്‍റെ മികച്ച പ്രകടനത്തിലൂടെ കളിയുടെ ഗതി തന്നെ മാറ്റി മറയ്‌ക്കാന്‍ കഴിയുന്ന താരമാണ് താനെന്നതിന് നിരവധി ഉദാഹരണങ്ങള്‍ സഞ്‌ജു സാംസണ്‍ തന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അവന് ദീര്‍ഘമായ മത്സരങ്ങളില്‍ അവസരം നല്‍കേണ്ടതുണ്ട്.
അവന്‍റെ പ്രതിഭ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ചില പരമ്പരകളില്‍ അവന് വേണ്ടത്ര മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്നേക്കാം. പക്ഷേ വീണ്ടും, പിന്തുണയ്‌ക്കേണ്ടതുണ്ട്. ഏറെ പ്രതിഭയുള്ള താരമാണ് സഞ്‌ജു സാംസണ്‍. എന്‍റെ ടീമില്‍ തീര്‍ച്ചായും അവന് സ്ഥാനമുണ്ട്", അമോൽ മുജുംദാർ പറഞ്ഞു.
2015ല്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം നടത്തിയെങ്കിലും ഇതേവരെ 11 ഏകദിന മത്സരങ്ങളിലും 16 ടി20 മത്സരങ്ങളിലും മാത്രമാണ് സഞ്‌ജു രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. ലഭിച്ച ചുരുക്കം അവസരങ്ങളിലാവട്ടെ മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഏകദിനത്തില്‍ 66.00 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി.എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തന്‍റേതായ ഇടം കണ്ടെത്താന്‍ കഴിയാത്ത താരം അകത്തും പുറത്തുമായി തുടരുകയാണ്. ഇതോടെ ഇന്ത്യയുടെ മധ്യനിരയില്‍ സഞ്‌ജുവിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.
ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുക. ഇതിന് മുന്നെ ഏഷ്യ കപ്പും നടക്കാനിരിക്കുന്നുണ്ട്. ടൂര്‍ണമെന്‍റില്‍ സഞ്‌ജുവിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പാകിസ്ഥാനാണ് ഏഷ്യ കപ്പിന് വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പാക് മണ്ണിലേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തിരുന്നു. ഇതോടെ ഏഷ്യ കപ്പ് വേദി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ALSO READ: 'ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു സാംസണെ എല്ലാ ദിവസവും കളിപ്പിക്കും'; സെലക്‌ടര്‍മാര്‍ക്ക് ശക്തമായ സന്ദേശവുമായി ഹർഷ ഭോഗ്‌ലെ