മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഏഴരയ്‌ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം മുന്നേറുന്ന സണ്‍റൈസേഴ്‌സ് തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടി വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്നതാണ് കൊൽക്കത്തയുടെ ലക്ഷ്യം.
കരുത്തരായ ചെന്നൈയേയും ഗുജറാത്തിനേയും തകർത്ത ആത്‌മവിശ്വാസത്തിലാണ് സണ്‍റൈസേഴ്‌സ്. നായകൻ കെയ്‌ൻ വില്യംസണും അഭിഷേക് ശർമയും മികച്ച ഫോമിലാണെന്നത് ടീമിന്‍റെ കരുത്ത് കൂട്ടും. നിക്കോളാസ് പുരാനും, എയ്‌ഡൻ മാർക്രവും ഫോമിലെത്താത്തതും ടീമിന് തലവേദനയാണ്.
ബോളിങ് നിര മോശമല്ലാത്ത രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്. എന്നാൽ വാഷിങ്ടണ്‍ സുന്ദറിന്‍റെ പരിക്ക് ടീമിന് തിരിച്ചടിയാകും. രണ്ട് മത്സരങ്ങളെങ്കിലും താരത്തിന് നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടുകൾ. ഭുവനേശ്വർ കുമാർ, മാർകോ ജാൻസണ്‍, ഉമ്രാൻ മാലിക്, നടരാജൻ എന്നിവർ അടങ്ങിയ പേസ് യൂണിറ്റും മികച്ച ഫോമിലാണ്.