മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 175 റൺസ്. മറുപടി ബാറ്റിങ്ങിൽ അർധസെഞ്ച്വറികളുമായി രാഹുൽ ത്രിപാഠിയും എയ്‌ഡൻ മാർക്രമും തകർത്താടിയപ്പോൾ 13 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് വിജയത്തിലെത്തി.
കൊൽക്കത്തയുടെ 175 റൺസ് പിന്തുടർന്ന ഹൈദരാബാദിന് സ്കോർ ബോർഡിൽ 39 റൺസുള്ളപ്പോൾ ഓപ്പണർമാരായ അഭിഷേക് ശര്‍മ്മയെയും കെയ്‌ന്‍ വില്യംസണെയും നഷ്‌ടമായി. 10 പന്തില്‍ 3 റണ്‍സെടുത്ത അഭിഷേകിനെ കമ്മിന്‍സും 16 പന്തില്‍ 17 റണ്‍സെടുത്ത വില്യംസണെ റസലും ബൗള്‍ഡാക്കി. പിന്നീട് മൂന്നാം വിക്കറ്റിൽ ത്രിപാഠി – മർക്രം സഖ്യം പടുത്തുയർത്തിയ 94 റൺസിന്‍റെ കൂട്ടുകെട്ടാണ് ഹൈദരാബാദ് വിജയത്തിന് അടിത്തറയായത്.
തുടക്കം മുതൽ തകർത്തടിച്ച ത്രിപാഠി 21 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ത്രിപാഠി 37 പന്തില്‍ നാല് ഫോറും ആറ് സിക്‌സറും സഹിതം 71 റണ്‍സെടുത്തു. 36 പന്തിൽ നാല് ഫോറുകളുടേയും ആറ് സിക്‌സറുകളുടേയും അകമ്പടിയില്‍ മാർക്രം 68 റൺസെടുത്തു പുറത്താവാതെ നിന്നു. വെറും 54 പന്തിലാണ് ഇരുവരും 94 റൺസ് അടിച്ചുകൂട്ടിയത്.